കോഴിക്കോട്: ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ വിവരശേഖരണത്തിനെന്ന പേരില്‍ ഇറക്കിയ ഗൂഗിള്‍ഫോം ബഹിഷ്കരിക്കാന്‍ ദേശീയ അദ്ധ്യാപക പരിഷത്ത് – എന്‍ടിയു, ജില്ലാ കമ്മറ്റിയോഗം ആഹ്വാനം ചെയ്തു. അദ്ധ്യാപക സംഘടനായോഗമോ, വിദ്യാഭ്യാസ ഗുണമേന്മാ സമിതിയോ വിളിച്ച് ചര്‍ച്ച ചെയ്യാതെയുള്ള ഡിഡിഇയുടെ ഏകപക്ഷീയ നടപടി പ്രതിഷേധാര്‍ഹമാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ പേരില്‍ ഫോറം തയ്യാറാക്കുകയും വിവരശേഖരണമാവശ്യപ്പെടുകയും ചെയ്തത് ഡിഡിഇ തന്നെ വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ വീണ്ടും ഡിഡിഇയുടെ പേരില്‍ തന്നെ മറ്റൊരു ഗൂഗിള്‍ ഫോം തയ്യാറാക്കി അദ്ധ്യാപകരോട് നേരിട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ല വിദ്യാഭ്യാസ ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, വിദ്യാലയ മേധാവികള്‍ എന്നീ തലങ്ങളെയെല്ലാം ഒഴിവാക്കി നേരിട്ട് വിവരശേഖരണം നടത്തുന്നതില്‍ ദുരൂഹതയുണ്ട്.
ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സ്വകാര്യകണ്സള്ട്ടന്സികളുടെ പ്രവര്‍ത്തനവും ഇതും കൂട്ടിവായിക്കേണ്ടതാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനെന്ന പേരില്‍ കൊണ്ടുവന്ന എഡ്യൂമിയ ആപ്പ് ആദ്യം അഞ്ച് വിദ്യാലയങ്ങളില്‍ പൈലറ്റ് പ്രൊജക്റ്റായി അവതരിപ്പിക്കുകയും പിന്നീട് 39 വിദ്യാലയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയുമായിരുന്നു. വന്‍തുക സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് നല്കി ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ സംസ്ഥാനതല ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിജയശതമാനത്തില്‍ ഒന്നാമതായിരുന്ന കോഴിക്കോട് പുറകോട്ട് പോയി. എഡ്യൂമിയയെ നിശ്ചയിച്ചത് സുതാര്യമായ ടെണ്ടര്‍ നടപടികളിലൂടെയല്ലെന്ന ആരോപണവുമുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഈ കണ്സള്ട്ടന്സികളുമായി ചേര്‍ന്നാണ് ജില്ലയിലെ എഡ്യുമിഷന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഇത്തരം കമ്പനികളിലൂടെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതായി ആരോപണമുണ്ട്. ഈ വിവരങ്ങള്‍ വന്‍കിട കോച്ചിംഗ് സ്ഥാപനങ്ങള്‍ക്കും എന്‍ട്രന്‍സ് സെന്ററുകള്‍ക്കും കേരളത്തിന് പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വരുന്ന അജ്ഞാത ഫോണ്‍ വിളികളും മെയിലുകളും ഇതിന്റെ തെളിവാണ്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ജില്ല എഡ്യൂമിഷന്‍ പോലും നിലവില്‍ കരാര്‍ ചെയ്യപ്പെടാത്ത ഇത്തരം സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് െൈകകാര്യം ചെയ്യുന്നത്. എഡ്യൂമിഷന്റെ കരാര്‍ കണ്‍സള്‍ട്ടന്‍സി ആരെന്നുപോലും വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്ത് 13 ജില്ലകളിലും ഇല്ലാത്ത ഈ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് വിവരശേഖരണം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍(ഡിജിഇ) ആവശ്യപ്പെട്ടത് പ്രകാരമാണ് നടത്തുന്നത് എന്ന ഡിഡിഇയുടെ ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഡിജിഇ അത്തരത്തിലൊന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഓഫീസ് വൃത്തങ്ങളില്‍ നിന്നറിയുന്നത്. അദ്ധ്യാപകരെയും അദ്ധ്യാപക സംഘടനകളെയും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായ രീതിയില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ ഗൂഗിള്‍ ഫോം പിന്‍വലിക്കണം.
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതും അവയുടെ വിപണന സാദ്ധ്യതകള്‍ തടയാനും നടപടി വേണമെന്നും ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജിമോന്‍ അദ്ധ്യക്ഷനായി. പ്രമോദ് കുമാര്‍, സുനില്‍, കിഷോര്‍ കുമാര്‍, സതീഷ് പാലോറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: