കരിപ്പൂരില്‍ നടന്നതു പോലെയുള്ള ഒരപകടം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കാതിരിക്കട്ടെ. നടന്നാല്‍ എന്താകും അവസ്ഥ? കാര്യങ്ങള്‍ പരിശോധിച്ചാല്‍ കണ്ണൂരില്‍ പതുങ്ങിയിരിക്കുന്നത് വലിയ ദുരന്തമാണെന്ന് വ്യക്തമാകും. അത് ഒഴിവാക്കണമെങ്കില്‍ കരിപ്പൂര്‍, കണ്ണൂരിന് പാഠമാകണം. കണ്ണൂരിന്റെ ഈ അവസ്ഥയ്ക്ക് സാങ്കേതികവും രാഷ്ട്രീയവുമായ കാരണങ്ങളുമുണ്ട്.
അപകടം നടന്ന കരിപ്പൂരില്‍ റണ്‍വേ അവസാനിക്കുന്നിടത്ത് നിന്നുമുള്ള താഴ്ച്ച 30 അടി മാത്രം. എന്നാല്‍ കണ്ണൂരില്‍ ഇത് 240 അടിയാണ്. കരിപ്പൂരില്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചതില്‍ പ്രധാന കാരണം ഈ താഴ്ചക്കുറവായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ലാന്‍ഡിങ്ങിന്റെ അവസാന ഭാഗത്തു ആള് താമസമില്ല. വലിയ വാഹനങ്ങള്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള റോഡുമില്ല. സംസ്ഥാന അഗ്നിശമന സേനയ്ക്കോ അവരുടെ വാഹനങ്ങള്‍ക്കോ ഇവിടെ എളുപ്പത്തില്‍ എത്താനാകില്ല.
ക്രാഷ് ഗേറ്റും മെയ്ന്‍ ഗേറ്റും റോഡുമായി ബന്ധിപ്പിക്കേണ്ട സാങ്കേതിക പാതകള്‍ പണത്തിന്റെ അപര്യാപ്തത മൂലം നിര്‍മ്മിച്ചിട്ടില്ല. റണ്‍വേ വികസന മൂലധനമായി മാറേണ്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ മൂല്യം സ്വകാര്യ മുതലാളിമാര്‍ക്ക് പാട്ടത്തിന് നല്കി നഷ്ടപ്പെടുത്തിയതും, ധൂര്‍ത്തിന് മൂക്ക് കയറിടാന്‍ വന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ പടിക്കു പുറത്താക്കിയതും പണഞെരുക്കത്തിന്റെ മൂലകാരണങ്ങളാണ്. കണ്ണൂരില്‍ എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതെന്ന കാര്യത്തില്‍ കൃത്യമായ പദ്ധതിയില്ല. മാനേജ്മെന്റ് ഇക്കാര്യം ആലോചിച്ചിട്ടുപോലുമുണ്ടെന്നു തോന്നുന്നില്ല.
അഗ്നിശമന സേന, എയര്‍സൈഡ് പ്രവര്‍ത്തനങ്ങള്‍, സിഒഒ എന്നീ വിഭാഗങ്ങളുടെ ചുമതലയുള്ളവരാരുംതന്നെ മതിയായ യോഗ്യതയും അതാതു മേഖലയില്‍ പരിചയവും ഉള്ളവരല്ലെന്നാണ് അറിവ്. രാഷ്ട്രീയ സ്വാധീനം മാത്രമാണ് പലര്‍ക്കും യോഗ്യത. മാത്രമല്ല എയര്‍സൈഡ് സുരക്ഷ എന്ന വിഭാഗത്തില്‍ പരിചയവും യോഗ്യതയുമുള്ള ആരും കണ്ണൂരില്‍ നിലവിലില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതുകൊണ്ടുതന്നെ എയര്‍പോര്‍ട്ടിന്റെ സുരക്ഷ എത്രത്തോളമുണ്ടെന്ന് മനസിലാക്കിയാണ് വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും വിദേശ വിമാന സര്‍വീസ് ആരംഭിക്കാത്തതും.
റണ്‍വേ എന്‍ഡില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിശോധന നടത്തി പ്രശ്നങ്ങള്‍ കണ്ടുപിടിച്ചു അപകടങ്ങളും അതുമൂലമുള്ള ആഘാതങ്ങളും ഒഴിവാക്കാനുള്ള നടപടികള്‍ ചെയ്യണമെന്നാണ് അന്താരാഷ്ട്ര വ്യോമയാന വിഭാഗത്തിന്റെ നിയമത്തില്‍ പറയുന്നത്. അതും കണ്ണൂരില്‍ പാലിക്കപ്പെട്ടില്ല.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതും പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം അനുമതി നല്കിയതും ഇത്തരുണത്തില്‍ ഓര്‍മിക്കേണ്ട കാര്യമാണ്. വിമാനത്താവളം നടത്തി പരിചയമില്ലാത്ത ടീം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ കണ്ണൂരില്‍ ദുരന്തം ദൂരത്തല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: