കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ സമ്മര്‍ദത്തില്‍. മുഖ്യമന്ത്രിക്ക് ഇനി മൂന്നു കാര്യങ്ങള്‍ ചെയ്യാം. മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാം, ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയാം, മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കാം.
കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ജനങ്ങള്‍ തെരുവിലായിരുന്നേനെ. പാര്‍ട്ടി ഭേദമില്ലാതെ. ചുവരെഴുത്തുകള്‍, സാമൂഹ്യ മാധ്യമങ്ങളിലും സാമാന്യ മാധ്യമങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം ചിലര്‍ കണ്ടില്ലെന്നു നടിച്ചാലും ജനങ്ങള്‍ കാണുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന പ്രഭാ സുരേഷിനെതിരേ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ചുമത്തിയ രാജ്യദ്രോഹ വിരുദ്ധ നിയമപ്രകാരമുള്ള യുഎപിഎ വകുപ്പുകള്‍ക്കെതിരേ പ്രതി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ആസൂത്രിതമായി വന്‍തോതില്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്തും രാജ്യദ്രോഹംതന്നെയാണെന്ന എന്‍ഐഎയുടെ വാദം കോടതി ശരിവെച്ചു.
രാജ്യദ്രോഹക്കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞ പ്രതി സ്വപ്നയുമായി മന്ത്രി കെ.ടി. ജലീലിനുള്ള ബന്ധം കോടതിയില്‍ വന്നില്ലെന്നും കോടതി പരാമര്‍ശിച്ചില്ലെന്നുമുള്ള യുക്തിക്ക് ഇനി സ്ഥാനമില്ല. പക്ഷേ, സ്വപ്നയുമായുള്ള ബന്ധങ്ങള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍തന്നെ തെളിവ് നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ പത്രസമ്മേളനവും അതില്‍ വിതരണം ചെയ്ത വാട്സ്ആപ് സന്ദേശവും ധാരാളം. മന്ത്രി ജലീലിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രിക്ക് ഇനിയൊന്നാലോചിക്കാനില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിനു കീഴിലാണ് രഹസ്യാന്വേഷണ വിഭാഗവും. 20 തവണയായി 200 കിലോ സ്വര്‍ണമാണ് കടത്തിയത്. അത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി കോടതില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ നടത്തിപ്പുരീതിയും ഏജന്‍സി വിവരിക്കുന്നു. അതിന്റെ എല്ലാ ഗൂഢാലോചനയും നടന്നത് ഭരണആസ്ഥാനമായ സെക്രേട്ടറിയറ്റിന്റെ വിളിപ്പാടടുത്ത് ആയിരുന്നു. പക്ഷേ, മുഖ്യമന്ത്രി മേല്‍നോട്ടം വഹിക്കുന്ന ആഭ്യന്തരവകുപ്പിന്റെ വിഭാഗമായ ഇന്റലിജന്‍സ് വിഭാഗത്തിന് കണ്ടെത്തനായില്ല. സ്വയം കുറ്റമേറ്റ് ആഭ്യന്തരമന്ത്രിപദം ഒഴിയാന്‍ മുഖ്യമന്ത്രി ഒരു മിനിട്ട് ആലോചിക്കാനില്ല.
പ്രതി സ്വപ്നയെ എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള നല്ല പരിചയത്തെക്കുറിച്ച് അവര്‍ പറഞ്ഞിട്ടുണ്ട്. വളരെനാളായി രാഷ്‌ട്രീയരംഗത്തുള്ളയാളെ അറിയുക സ്വാഭാവികം. പക്ഷേ, അതിനുമപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥരുമായി, പോലീസ് ഉദ്യോഗസ്ഥരുമായി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി രാജ്യദ്രോഹക്കേസ് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞയാളിനു ബന്ധം ഉണ്ടെന്നു വരുമ്പോള്‍, മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ എന്തിന് വൈകണം എന്ന ചോദ്യവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: