തിരുവനന്തപുരം: സേവാഭാരതി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കു രാഷ്ട്രീയനിറമില്ല, രാഷ്ട്രീയ ലക്ഷ്യവുമില്ലെന്ന് ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറി ഡി.വിജയന്. നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയാണ് സേവാഭാരതി. എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിക്കും പോലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷകസംഘടനയല്ല സേവാഭാരതി.
സമാജത്തിന്റെ ഉന്നമനത്തിനു വേണ്ടി കക്ഷിരാഷ്ട്രീയ ജാതിമത വര്‍ഗ്ഗ താല്പര്യങ്ങള്ക്കു അതീതമായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു വര്‍ഷങ്ങളായി നടത്തി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടനയെ പൊതുസമൂഹം അംഗീകരിച്ചതാണ്. ഭാരതത്തിലെവിടെയും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സേവാഭാരതിയുടെ സാന്ത്വന സേവനപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തി വരുന്നതാണുതാനും.
കേരളത്തില്‍ വീശിയടിച്ച സുനാമി ഓഖി ചുഴലിക്കാറ്റുകള്‍ ദുരന്തങ്ങള്‍ വരുത്തിയപ്പോള്‍ സാന്ത്വനസേവനവുമായി സേവാഭാരതി നേതൃത്വം വഹിക്കുന്നു. 2018 ലെ മഹാപ്രളയത്തിലും, 2019 ലെ പ്രകൃതിക്ഷോഭത്തിലും, 2020 ലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളിലും, സേവാഭാരതിയുടെ സേവനം പൊതുസമൂഹം അനുഭവിച്ചതാണ്. ഇപ്പോള്‍ ഇടുക്കി പെട്ടിമുടിയില്‍ നാടിനെ നടുക്കിയ ദുരന്തത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് സേവാഭാരതി.
എപ്പോഴും ദേശീയ ദുരന്തനിവാരണ സേനക്കും പോലീസിനും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും അധിക്ഷേപ്പിക്കരുതെന്ന് അദേഹം എല്‍ഡിഎഫ് കണ്‍വീനറോട് ആവശ്യപ്പെട്ടു. സേവാഭാരതിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കുവാന്‍ എല്‍ഡിഎഫ് കണ്‍വീനറെ അദേഹം ക്ഷണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: