കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന കനത്തമഴയ്ക്ക് ഇന്നലെ അല്പം ആശ്വാസം. മഴയ്ക്ക് ഇന്നലെ ശക്തികുറഞ്ഞു. മഴ കുറഞ്ഞതോടെ അല്പം ചില താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളക്കെട്ടൊഴിഞ്ഞു. മഴ അല്‍പ്പം മാറിനിന്നതോടെ ചില ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങി.
ജില്ലയില്‍ 28 ദുരിതാശ്വാസക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 524 പേരാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. കോഴിക്കോട് താലൂക്കില്‍ 12, കൊയിലാണ്ടി 4 , വടകര 10, താമരശ്ശേരി 2 എന്നിങ്ങനെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് താലൂക്കില്‍ ഏഴ് വില്ലേജുകളിലായി 12 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 130 പേരാണ് ക്യാമ്പുകളിലേക്ക് മാറിയത്. മഴക്കെടുതിയില്‍ താലൂക്കില്‍ വിവിധ സ്ഥലങ്ങളിലായി 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി താലൂക്കിലെ നാല് ക്യാമ്പുകളിലായി 86 പേരാണ് ഉള്ളത്. ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്കൂള്‍, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം സെന്റ് സെബാസ്റ്റ്യന്‍ പള്ളി പാരിഷ് ഹാള്‍, മൂടാടി നസ്രത്തുല്‍ മദ്രസ, ഗോപാലപുരം ഗോഖലെ യുപി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. മഴയെത്തുടര്‍ന്ന് ഇതുവരെ കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിലായി 90 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
മാവൂര്‍ ജിഎച്ച്എസ്എസ്, തെങ്ങിലക്കടവ് മലബാര്‍ കാന്‍സര്‍ സെന്റര്‍, മാവൂര്‍ ജിഎംയുപി സ്കൂള്‍, കച്ചേരിക്കുന്ന് അങ്കണവാടി, വളയന്നൂര്‍ ജിയുപിഎസ്, പെരുവയല്‍ വില്ലേജില്‍ ചെറുകുളത്തുര്‍ എഎല്‍പി സ്കൂള്‍, ചെറുകുളത്തൂര്‍ വെസ്റ്റ് അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്കൂള്‍, ഒളവണ്ണ വില്ലേജിലെ കൊടിനാട്ടുമുക്ക് ജിഎല്‍പി സ്കൂള്‍, കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ പൈങ്ങോട്ടുപുറം തിരുത്തിമ്മല്‍ അങ്കണവാടി, വേങ്ങേരി വില്ലേജില്‍ ഗവ പോളിടെക്നിക്ക്, പ്രോവിഡന്‍സ് കോളേജ്, കക്കോടി വില്ലേജില്‍ പടിഞ്ഞാറ്റുമുറി ജിഎല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
വടകര താലൂക്കില്‍ 10 ക്യാമ്പുകളാണുള്ളത്. 67 കുടുംബങ്ങളില്‍ നിന്നായി 251 പേരാണ് ക്യാമ്പുകളിലുള്ളത്. 1,855 കുടുംബങ്ങളിലെ 7,114 പേര് ബന്ധുവീടുകളിലേക്ക് മാറി. മരുതോങ്കര നെല്ലിക്കുന്ന് ഷെല്‍ട്ടര്‍, മരുതോങ്കര ഒന്നാം വാര്‍ഡ് അങ്കണവാടി, ആറാം വാര്‍ഡ് അങ്കണവാടി, ഒഞ്ചിയം അങ്കണവാടി, തിനൂര് സെന്റ് ജോര്‍ജ് എച്ച്എസ്, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്എസ്, ചോറോട് എരപുരം എംഎല്‍പി സ്കൂള്‍, ചെക്യാട് ജാതിയേരി എംഎല്‍പി സ്കൂള്‍, തോടന്നൂര്‍ എംഎല്‍പി സ്കൂള്‍, മണിയൂര്‍ എംഎച്ച്ഇഎസ് കോളജ് എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.
താമരശ്ശേരി താലൂക്കില്‍ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ വില്ലേജുകളിലെ മൂന്ന് ക്യാമ്പുകളിലായി 53 കുടുബങ്ങളിലെ 149 പേരാണുണ്ടായിരുന്നത്. അപകടസാദ്ധ്യതയൊഴിഞ്ഞതിനാല് കോടഞ്ചേരി ക്യാമ്പിലുണ്ടായിരുന്ന വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയില്‍ നിന്നുള്ള 28 കുടുംബങ്ങളിലെ 82 പേര് വീടുകളിലേക്ക് മടങ്ങി. 260 കുടുംബങ്ങളിലെ 815 പേരാണ് ബന്ധുവീടുകളിലേക്ക് മാറിയത്.
ഞായറാഴ്ച രാത്രി ശക്തമായ മഴയില്‍ ശിവപുരം വില്ലേജില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇയ്യാട് നീലഞ്ചരി വേണുവിന്റെ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇതോടെ കാലവര്‍ഷത്തില്‍ താലൂക്കിലെ 18 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വീടുകള്‍ തകര്‍ന്നതിലൂടെ 15 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. താലൂക്കില്‍ വെള്ളം കയറിയ പല സ്ഥലങ്ങളിലും മഴ കുറഞ്ഞതിനാല്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: