കുന്ദമംഗലം: കുന്ദമംഗലം മിനി സിവില്‍സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. കോവിഡിനെതിരെയുളള പ്രതിരോധനടപടികള്‍ക്കൊപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലുളള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ദുരന്തങ്ങളുടെ സാഹചര്യത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ തടസമുണ്ടാവും. എന്നാല്‍ നാടിന്റെ ഭാവി ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. കോവിഡിനെതിരെയുളള പോരാട്ടം നടക്കുന്നതോടൊപ്പം പദ്ധതി നിര്‍വഹണത്തിനുളള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് അദ്ധ്യക്ഷനായി. പി.ടി.എ. റഹീം എംഎല്‍എ സഹ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു, എഡിഎം രോഷ്നി നാരായണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്റ് പി ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബില്‍ഡിംഗ് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ- ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്ക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവില്‍ സ്റ്റേഷന് ഒരുക്കിയത്. മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് 577 ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുള്ള അഞ്ചു നിലകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: