കോഴിക്കോട്: കോര്പ്പറേഷന് പരിധിയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഇന്നലെ മേയറുടെ ചേംബറില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം. വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്ററായ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ പരിശോധനയും നിരീക്ഷണവും വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
വലിയങ്ങാടിയോട് ചേര്‍ന്ന് നില്കുന്ന ജനവാസമേഖലയില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരുവീട്ടില്‍ തന്നെ അഞ്ചിലേറെ ആളുകള്‍ക്ക് പോസിറ്റീവാകുന്നു. കോര്പ്പറേഷന് പരിധിയില്‍ അത്തരത്തില്‍ 24 വീടുകളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരദേശ മേഖല ആയതിനാല്‍ രോഗം പെട്ടെന്ന് വ്യാപിക്കാം. ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കണം നടത്തും. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കച്ചവടക്കാരുടെയും പോലീസിന്റെയും റസിഡന്‍സ് അസോസി യേഷന്റെയും യോഗം ഇന്ന് രാവിലെ 11 ന് കൗണ്‍സില്‍ ഹാളില്‍ ചേരും.
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രമേ ജോലിക്ക് പോകാന്‍ പാടുള്ളു. തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് മാത്രമേ തുറമുഖത്തേക്ക് പ്രവേശനമുള്ളൂ. മത്സ്യബന്ധനത്തിനു വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അനുമതി വാങ്ങണം. ഇതരസംസ്ഥാന തൊഴിലാളികള്‍ ബോട്ടില്‍ മത്സ്യബന്ധനത്തിനു എത്തി കടലില്‍ തന്നെ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെയും ഒരു കാരണവശാലും മത്സ്യബന്ധനത്തിനു അനുവദിക്കില്ല. അവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തും.
ബേപ്പൂരില്‍ ഇതുവരെ കോവിഡ് പരിശോധന നടത്താത്ത മറുനാടന്‍ തൊഴിലാളികള്‍ക്ക് ഇന്ന് കോവിഡ് ടെസ്റ്റ് നടത്തും. ഒരു വീട്ടില്‍ തന്നെ പത്തിലേറെ പേരുള്ളത് രോഗ വ്യാപനസാഹചര്യം കൂടാന്‍ കാരണമാകുന്നുണ്ട്. ക്വാറന്റൈനില്‍ പോകേണ്ടി വന്നാല്‍ അതിനായി മറ്റ് വീടുകള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ കണ്ടെത്തും.
ആര്ആര്ടികള്ക്കായിരിക്കും ചുമതല. റോഡരികില്‍ അനധികൃതമായി മത്സ്യക്കച്ചവടം നടത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകും. അത്തരം മത്സ്യം വിറ്റാല്‍ അത് പിടിച്ചെടുക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റിന് പുറത്തുനിന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് ഫിഷ് ഡീലേഴ്സ് അസോസിയേഷന് മീന്‍ നല്‍കാം. ഇതിനായി സമയം അനുവദിക്കും. എന്നാല്‍ പൊതുജനങ്ങള്‍ക്കായി മാര്‍ക്കറ്റില്‍ നിന്ന് കച്ചവടം നടത്തരുതെന്നും യോഗം അറിയിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, സബ് കളക്ടര്‍ ജി. പ്രിയങ്ക, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ്, അസി. കമ്മീഷണര്‍ എ.ജെ. ബാബു, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്.എസ്.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: