ഇടുക്കി: മൂന്നാര്‍ രാജമലക്ക് സമീപം വലിയ പ്രകൃതി ദുരന്തമുണ്ടായ സ്ഥലത്ത് അര നൂറ്റാണ്ട് മുമ്പും ഉരുള്‍പൊട്ടിയതായി വിദഗ്ധരുടെ സ്ഥിരീകരണം. ഭൂപ്രകൃതിയുടെ പ്രത്യകത മൂലം അന്ന് അപകടമുണ്ടായ സ്ഥലത്ത് തന്നയാണ് വീണ്ടും ഉരുള്‍പൊട്ടിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് പഠനം(മോര്‍ഫോളജി) നടത്തിയാണ് കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ഇക്കാര്യം കണ്ടെത്തിയത്. സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ വ്യക്തത വരുകയൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ, കുന്നിന്റെ ചെരുവ്, സുഷിരങ്ങള്‍ കൂടിയ മണ്ണ് എന്നിവയെ ആശ്രയിച്ചാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായത് അപകടത്തില്‍ തകര്‍ന്ന ലയങ്ങളുടെ സമീപത്ത് നിന്ന് ഒരു കിലോ മീറ്ററോളം അകലെ നിന്നാണ്.
അപകടമുണ്ടായ കുന്നിന് മുകള്ഭാഗം പരന്ന മേഖലയാണ്. ഇത് മൂലം പലയിടത്തും പെയ്യുന്ന മഴ ഒരു സ്ഥലത്തൂടെ തന്നെയാകും ഒഴുകി താഴെക്കെത്തുക. അപകടമുണ്ടായ ദിവസം മാത്രം 30.9 സെ.മീ. മഴയും പെയ്തു. ഇത്തരത്തില്‍ വെള്ളം ഒഴുകി താഴേക്ക് എത്തിയിരുന്നത് രണ്ട് തരത്തിലുള്ള ഭൂവിനിയോഗത്തില്‍പ്പെട്ട സ്ഥലത്തൂടെയാണ് (പാറനിറഞ്ഞ മേഖലയും വനം വകുപ്പിന്റെ ഭൂമിയും ചേരുന്ന മേഖല). ഈ സ്ഥലത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളെ ജിയോ മോര്‍ഫിക് ഹോളോസ് എന്നാണ് പറയുന്നത്.
ലയങ്ങള്‍ സ്ഥാപിച്ചിരുന്നത് മഴക്കാലത്ത് മാത്രം സജീവമായിരുന്ന മേല്പറഞ്ഞ വെള്ളം ഒഴുകിയെത്തിയിരുന്ന അരുവിയുടെ കരയിലും. രണ്ട് വശങ്ങളും കുന്നായതിനാല്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഏറ്റവും താഴ്ന്ന ലയങ്ങള്‍ ഇരുന്ന പ്രദേശത്തോക്കാണ് കല്ലും മണ്ണും എത്തിയതും വലിയ അപകടത്തിന് കാരണമായതെന്നും ഡോ. സജിന്‍ കുമാര്‍ പറയുന്നു.
പീഠഭൂമിയ്ക്ക് തുല്യമായുള്ള ഭൂപ്രകൃതിയുള്ള മേഖലയാണ് മൂന്നാര്‍. പൊക്കം കൂടി നിരപ്പായിരിക്കുന്ന ഭൂപ്രകൃതിയാണിത്. ഇവിടെ മണ്ണിന്റെ ഘനം മറ്റിടങ്ങളേക്കാല്‍ കൂടുതലാണ്, മണ്ണില്‍ സംഭരിക്കാനാകുന്ന വെള്ളത്തിന്റെ അളവും ഇതിനൊപ്പം കൂടും. ചരിവുള്ള മേഖലകളാണെങ്കില്‍ വെള്ളം കൂടുതല്‍ മണ്ണില്‍ തങ്ങാതെ ഒലിച്ച് പോയേനേ എന്നും ഡോ. സജിന്‍ പറയുന്നു. നെല്ലിയാംമ്പതി, വയനാട്, മൂന്നാര്‍ എന്നിവയാണ് ഇത്തരത്തില്‍ ഭൂപ്രകൃതിയുള്ള കേരളത്തിലെ സ്ഥലങ്ങള്‍. ഇവിടെ വലിയ മണ്ണിടിച്ചിലും തീവ്രമായ ഉരുള്‍പൊട്ടലുമാകും മിക്കവാറും ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: