പെരുങ്കടവിള: സ്വപ്നങ്ങളുടെ നൂലിഴ പിരിച്ച് ജീവിതം നെയ്തെടുത്തിരുന്ന നെയ്ത്തുശാലകള്‍ നിലച്ച തറികളുടെ നിശബ്ദ കൂടാരങ്ങളാകുകയാണ്. ഗ്രാമീണ മേഖലയില്‍ കാര്‍ഷിക തൊഴിലുകള്‍ കഴിഞ്ഞാല്‍ ആയിരങ്ങള്‍ക്ക് നെയ്ത്തിലും അനുബന്ധ ജോലികളിലുമായി പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്നതാണ് കൈത്തറി മേഖല. രാജ്യത്തെ തുണി ഉല്‍പ്പാദനത്തിന്റെ വലിയൊരു ശതമാനവും ഈ മേഖലയില്‍ നിന്നാണ്. കയറ്റുമതി വരുമാനത്തിലും പ്രസ്തുത മേഖലയുടെ സംഭാവന വിലപ്പെട്ടതാണ്.
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ കയര്‍ മേഖല കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കൈത്തറി മേഖലയ്ക്കാണ്. സംസ്ഥാനത്തെ കൈത്തറി മേഖലയിലെ ഭൂരിഭാഗം തറികളും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി വ്യവസായ സംരംഭകരുടെ കൈകളിലാണ്. വ്യാവസായിക മാതൃകയിലും കുടില്‍ മാതൃകയിലുമുള്ള സംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സഹകരണ മേഖല.
എന്നാല്‍ നിലവില്‍ കൈത്തറി മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിലാളികള്‍ ഉപജീവനത്തിനായി മറ്റ് തൊഴിലുകള്‍ തേടി പോകുന്ന അവസ്ഥയാണ്. ജില്ലയിലെ തന്നെ പ്രധാന കൈത്തറി കേന്ദ്രമായ ബാലരാമപുരം ഉള്‍പ്പെടെയുള്ള കൈത്തറി ഗ്രാമങ്ങളിലെ പകുതിയിലധികം തറികളും പ്രവര്‍ത്തിക്കുന്നില്ല. കൊറോണയും ഒപ്പം ലോക്ഡൗണും ഇരുട്ടടിയായതോടെയാണ് പരമ്പരാഗതമായി കൈമാറിവന്ന തൊഴില്‍ പലരും ഉപേക്ഷിക്കുന്നത്. കൈത്തറി മേഖലയില്‍ തുടരുന്നവര്ക്കാവട്ടെ ലഭിക്കുന്നത് തുച്ഛമായ വരുമാനമാണ്. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടവും കൈത്തറി മേഖലയിലെ നഷ്ടക്കണക്ക് കൂട്ടുകയാണ്. കൈത്തറി മുണ്ടിനും തുണിത്തരങ്ങള്‍ക്കും മുമ്പ് വലിയ ഡിമാന്റുണ്ടായിരുന്നു. നെയ്ത്തും നടന്നിരുന്നു. ഇപ്പോള്‍ തുണിത്തരങ്ങള്‍ക്ക് ഓര്‍ഡറില്ല, നെയ്ത്തും ഇല്ല. തുണിത്തരങ്ങള്‍ വിറ്റു പോകാത്ത അവസ്ഥയുമാണ്.
വസ്ത്രവ്യാപാര ശാലകള്‍ തുറക്കാത്തതുമൂലം നെയ്ത തുണികള്‍ പലയിടത്തും കെട്ടിക്കിടക്കുന്നു. തറിപ്പുരകളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് എത്തുന്നത്. നെയ്ത്തുപുരകളില് ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസംസ്കൃത വസ്തുക്കളും കിട്ടാനില്ല. തറികളെല്ലാം പൊടിപിടിച്ച് കിടക്കുന്നു. ആവശ്യത്തിന് വരുമാനം ലഭിക്കാതായതോടെ മറ്റു തൊഴില്‍ തേടി പോകുകയാണ് പലരും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. പ്രളയം മൂലം മുന്‍ വര്‍ഷങ്ങളിലും വന്‍ നഷ്ടമാണ് കൈത്തറി മേഖലയിലുണ്ടായത്.
വീടുകളിലും കൈത്തറി സഹകരണ സംഘങ്ങളിലുമായി ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്നതില്‍ ഭൂരിഭാഗവും വനിതകളുമാണ്. വായ്പയെടുത്തും കടം വാങ്ങിയും തറികള്‍ സ്ഥാപിച്ചവരും തുണിത്തരങ്ങള്‍ക്ക് ആവശ്യക്കാരില്ലാതെ വലയുകയാണ്. ടെക്സ്റ്റെല്‍സ് ഷോപ്പുകള്‍ തുറക്കാത്തതും സ്കൂളുകള്‍ തുറക്കാത്തതിനാല്‍ സ്കൂള്‍ യൂണിഫോമുകള്ക്കാവശ്യമായ തുണിത്തരങ്ങള്‍ വാങ്ങാനാവശ്യക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഏറെ പ്രതീക്ഷ നല്കുന്ന ഓണവിപണി കൊറോണ രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ നഷ്ടമാകുമെന്ന കണക്കുകൂട്ടലിലാണ് തൊഴിലാളികള്‍. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അടിയന്തര ഇടപെടലിലൂടെ തകരുന്ന മേഖലയെ പിടിച്ചു നിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കൈത്തറി തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
സജിചന്ദ്രന്‍ കാരക്കോണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: