കോഴിക്കോട് : ലൈഫ് മിഷന് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ബന്ധം വന്നത്. റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത് സന്നദ്ധ പ്രവര്‍ത്തനമാണോ അല്ലയോ എന്ന് വെളിപ്പെടുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. യുഎഇ കോണ്‍സുലേറ്റുമായി ജലീലിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
വിദേശരാജ്യത്തുള്ള സന്നദ്ധ സംഘടനയാണ് 20 കോടി രൂപയുടെ ധനസഹായം നല്‍കിയത്. ഇതില്‍ നിന്നാണ് കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന ഒരുകോടി കൈക്കൂലിയായി കൈപ്പറ്റിയത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എവിടെയാണ് കമ്മിഷന് നല്‍കുന്നത്. മാത്രമല്ല പണി പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇവര്‍ക്ക് കമ്മിഷന് കൈമാറിയിട്ടുള്ളത്.
ഇതില്‍ മറ്റെന്തെങ്കിലും ധാരണയുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റെഡ്ക്രസന്റുമായുള്ള ധാരണാ പത്രത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നും ധാരണാ പത്രത്തിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്നും സുരേന്ദ്രന് അറിയിച്ചു.
റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുന്നതിന് മുമ്പ് ശിവശങ്കറും സ്വപ്നയും വിദേശത്ത് എത്തിയിരുന്നു. ധാരണപത്രത്തില്‍ ഒപ്പുവെപ്പിക്കുന്നതിന് താത്കാലിക ജീവനക്കാരിയെ കൂടെ കൂട്ടിയത് എന്തിനെന്ന് വ്യകതമാക്കണം. സര്‍ക്കാര്‍ പദ്ധതിയില്‍ യുഎഇ കോണ്‍സുലേറ്റിന് പങ്കാളിത്തമുണ്ടാകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടോയെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
അതേസമയം 2018ലെ പ്രളയകാലത്ത് മന്ത്രി അടക്കമുള്ളവര്‍ വിദേശയാത്ര നടത്തിയതിലും ദുരൂഹതയുണ്ട്. റെഡ്ക്രസന്റിന്റെ ഇന്ത്യയിലെ സംഘടനയായ റെഡ് ക്രോസിനെ എന്തുകൊണ്ടാണ് അറിയിക്കാത്തതതെന്നും അദ്ദേഹം ചോദിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണം. ചോദ്യം ചോദിക്കുന്നവരെ വിരട്ടുകയും മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും പ്രശ്നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരുന്നവരെ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യതയുണ്ടെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: