തിരുനെല്ലി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. തോല്‍പ്പെട്ടി ചെക്ക്പോസ്റ്റ് വഴി ചരക്ക് ഗതാഗതം മാത്രം. യാത്രക്കാര്‍ക്ക് പ്രവേശനമില്ല. ഇതെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റില്‍ എത്തിയിരുന്നെങ്കിലും വൈകീട്ടോടെ ചരക്ക് വാഹനം മാത്രം വിടാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയില്‍ പേരാമ്പ്ര സ്വദേശിയായ യുവാവിനെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ 6 മണിക്കുര്‍ തടഞ്ഞ് വെച്ചത് വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ യാത്രക്കാരെ കടത്തിവിടാന്‍ റവന്യു ഉേദ്യാഗസ്ഥരായ മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പുള്ളിയും മുത്തങ്ങയില്‍ നിന്നും ബത്തേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ യേശുദാസിന്റെയും നേതൃത്വത്തില്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ എത്തിയിരുന്നു. എന്നാല്‍ പരിമിതമായ സൗകര്യങ്ങള്‍ ഉള്ള തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്ന് തിരിയാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ല ടാര്‍പോളിംഗ് ഷീറ്റിനു കീഴില്‍ രണ്ട് കസേരയും മേശയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നുള്ളു.
വൈദ്യുതി ബന്ധമോ ഇന്റര്‍ നെറ്റോ സൗകര്യമോ ഉണ്ടായിരുന്നില്ല. യാത്രക്കാരായ ആളുകള്‍ എത്തുമ്പോള്‍ സ്രവ പരിശോധന അടക്കം നടത്താനുള്ള സൗകര്യവും അവിടെ ഇല്ലാത്തത് പോലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും ഒരു പോലെ കുഴക്കിയിരുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജില്ലാ ദുരന്തനിവാരണ സമിതി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വഴി ചരക്ക് ഗതാഗതം മാത്രം മതിയെന്നും യാത്രകരെ മുത്തങ്ങ വഴി കടത്തിവിടാനും തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: