മൂന്നാര്‍ : രാജമല പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49ആയി. തിങ്കളാഴ്ച നടത്തിയ തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഇത്രയും ആയത്. ഇന്നലെ കണ്ടെത്തിയതില്‍ മൂന്ന് മൃതദേഹം കുട്ടികളുടേതാണ്. ഇനി 17 പേരെയാണ് കണ്ടെത്താനുള്ളത്. 78 പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ 12 പേര് നേരത്തെ രക്ഷപെട്ടിരുന്നു.
അതേസമയം ശക്തമായ മണ്ണിടിച്ചിലില്‍ ഇവിടെയുണ്ടായിരുന്ന ലയങ്ങള്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.
കൂടാതെ മണ്ണിടിച്ചിലില്‍ താഴേയ്ക്ക് പതിച്ച വലിയ പാറക്കൂട്ടങ്ങളും തെരച്ചിലിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതിനാല്‍ സ്ഫോടക വസ്തുക്കള്‍ ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യമാണുള്ളത്.
മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പോലിസും അഗ്നിശമനസേനാ ജീവനക്കാരും അമ്പതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: