രാഷ്‌ട്രത്തിന്റെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നിര്‍ണായകമായ രണ്ട് നടപടികള്‍ രണ്ടാം മോദി സര്‍ക്കാരില്‍നിന്ന് ഉണ്ടായിരിക്കുന്നു. പ്രതിരോധരംഗത്തെ 101 സാമഗ്രികളുടെ ഇറക്കുമതിക്ക് ഘട്ടംഘട്ടമായി നിരോധനം പ്രഖ്യാപിച്ചതാണ് ആദ്യത്തേത്. കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിക്കുന്ന കേന്ദ്ര പദ്ധതിക്ക് തുടക്കം കുറിച്ചതാണ് മറ്റൊന്ന്. 2020-2025 കാലയളവില്‍ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമാവുന്ന പ്രഖ്യാപനം നടത്തിയത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണെങ്കില്‍, കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിയുടെ കീഴിലുള്ള പദ്ധതി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. 2020 ഡിസംബറോടെ ഇറക്കുമതിക്ക് നിരോധനം വരുന്ന 69 സാമഗ്രികളില്‍ 29 എണ്ണം നാവിക സേനയ്‌ക്കും, 28 എണ്ണം കരസേനയ്‌ക്കും, 12 എണ്ണം വ്യോമസേനയ്‌ക്കും ആവശ്യമുള്ളതാണ്. 2021 ഡിസംബറോടെ നിരോധനം വരുന്ന 10 സാമഗ്രികളില്‍ എട്ടെണ്ണം കരസേനയ്‌ക്കും രണ്ടെണ്ണം നാവികസേനയ്‌ക്കും, ഇലക്‌ട്രോണിക് വാര്‍ഫയര്‍ സിസ്റ്റം മൂന്നു സേനാ വിഭാഗങ്ങള്‍ക്കും ആവശ്യമുള്ളതുമാണ്. ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, ചരക്കു വിമാനങ്ങള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇതിന്റെ വിശദമായ പട്ടിക പിന്നീട് പുറത്തിറക്കും. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യംവച്ച് മറ്റു ചില നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.
പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കുന്നതില്‍ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. ഇത്തരം യുദ്ധ സാമഗ്രികള്‍ ഇനിമുതല്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാനാവും. തീരുമാനം പ്രഖ്യാപിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും, ഇത് പ്രതിരോധരംഗത്തെ ആഭ്യന്തര ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുമെന്നുമാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. സര്‍ക്കാരിന്റെ ഈ നടപടിയിലൂടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ നമുക്കാവശ്യമായ യുദ്ധ സാമഗ്രികള്‍ സ്വന്തം നിലയ്‌ക്കും രീതിയിലും ഉല്‍പ്പാദിപ്പിക്കാനുള്ള അവസരം ഇന്ത്യയിലെ കമ്പനികള്‍ക്ക് ലഭിക്കും. ഈ കഴിവ് ഇന്ത്യക്ക് പണ്ടേയുണ്ടായിരുന്നിട്ടും അന്ധമായി ഇറക്കുമതിയെ ആശ്രയിക്കുന്ന നയമാണ് സര്‍ക്കാരുകള്‍ പിന്തുടര്‍ന്നത്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ പ്രഖ്യാപിത നയംതന്നെ ഇതായിരുന്നു. ഇതിന് പ്രധാന കാരണം വിദേശ കമ്പനികളുമായുള്ള ആയുധ ഇടപാടിലൂടെ ലഭിക്കുന്ന കോഴയാണ്. ബോഫോഴ്‌സ് തോക്കിന്റെ കാര്യക്ഷമത പറഞ്ഞാണല്ലോ അതുമായി ബന്ധപ്പെട്ട അഴിമതിയെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ന്യായീകരിച്ചുകൊണ്ടിരുന്നത്. പുതിയ തീരുമാനത്തിലൂടെ അഴിമതിയുടെ വലിയൊരു സ്രോതസ്സാണ് മോദി സര്‍ക്കാര്‍ അടച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ പഴുതു കണ്ടെത്തി ആയുധ ലോബികള്‍ ഉടന്‍ രംഗത്തുവരാനിടയുണ്ട്.
കര്‍ഷകര്‍, കാര്‍ഷിക സംരംഭകര്‍, കാര്‍ഷികോല്‍പ്പന്ന സംരംഭകര്‍ എന്നിവര്‍ക്ക് ധനസഹായം ലഭിക്കുന്ന ഒരു ലക്ഷംകോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഗ്രാമങ്ങളില്‍ വിളവെടുപ്പിനുശേഷമുള്ള സൗകര്യങ്ങളൊരുക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പദ്ധതി കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കും ഒരുപോലെ ഊര്‍ജം പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് വെറുംവാക്കല്ല. പിഎം കിസാന്‍ പദ്ധതിക്കു കീഴില്‍ 8.5 കോടി കര്‍ഷകര്‍ക്കായി 17,000 കോടി രൂപയുടെ ആറാമത്തെ ഗഡുവും പ്രധാനമന്ത്രി കൈമാറി. ആധാറുമായി ബന്ധിപ്പിച്ച കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തത്സമയം തുക കൈമാറ്റം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഗുണകരമാവുന്നതിന്റെ നേര്‍ച്ചിത്രമാണിത്. മുന്‍കാലങ്ങളില്‍ കര്‍ഷക പ്രേമത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കിയവര്‍ യഥാര്‍ത്ഥത്തില്‍ അവരുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു. താന്‍ ഈ വിഭാഗത്തില്‍പ്പെടുന്നയാളല്ലെന്ന് മോദി ആവര്‍ത്തിച്ച് തെളിയിക്കുന്നു. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കാര്‍ഷിക മേഖലയില്‍ വലിയ കുതിപ്പുതന്നെ ഉണ്ടാകും. പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദുരുപദിഷ്ടമായ പ്രചാരവേല ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയുടെ കീഴില്‍ വിലപ്പോവില്ലെന്നു പ്രധാനമന്ത്രി മോദി ജനങ്ങളെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: