ന്യൂദല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ഈ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുഖ്യ സ്പോണ്‍സറാകാന്‍ ശ്രമിക്കുകയാണെന്ന് കമ്പനിയുടെ ഭാരവാഹി വെളിപ്പെടുത്തി. മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് പതഞ്ജലി സ്പോണ്‍സര്‍മാരാകാന്‍ ശ്രമം നടത്തുന്നത്.
ഇത്തവണ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സറാകുന്ന കാര്യം പരിഗണിച്ചുവരുകയാണെന്ന് പതഞ്ജലിയുടെ വക്താവ് പറഞ്ഞു. ഇന്ത്യന്‍ ബ്രാന്‍ഡിന് ആഗോള പ്രശസ്തി നേടാനുള്ള അവസരമാണിത്. അതുകൊണ്ടാണ് സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. എന്നിരുന്നാലും ഇത് സംബന്ധിച്ച അവസാന തീരുമാനം എടുത്തിട്ടില്ലെന്ന് വക്താവ് വെളിപ്പെടുത്തി.
ബിസിസിഐ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ആഗസ്റ്റ് പതിനാലിനകം അവര്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. ആയുര്‍വേദ ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ പതഞ്ജലിക്ക് പ്രതിവര്‍ഷം 10,500 കോടി രൂപ വിറ്റുവരവുണ്ട്.
ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: