മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷണല്‍ എസ്പി ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമിനാണ് ചുമതല. മലപ്പുറം ഡിവൈഎസ്പി ഹരിദാസന് മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എഎസ്പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം. ബിജു, സുനീഷ്.പി. തങ്കച്ചന്, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമിലുണ്ട്. വിമാനപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിജിസിഎ സംഘം അടുത്ത ദിവസം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഫ്ളൈറ്റ് ഡേറ്റ റെക്കോഡറും, കോക്പിറ്റ് വോയ്സ് റെക്കോഡറും ദല്‍ഹിയിലാണ് പരിശോധിക്കുക.
പതിനെട്ടു പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട അപകടത്തില്‍ 123 പേരാണ് മലപ്പുറത്തെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു.
ഡിജിസിഎയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കരിപ്പൂരിലെ മുഴുവന്‍ സര്‍വീസുകളും പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനമുണ്ടാകുക. പൈലറ്റിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങളടക്കം നല്കുന്ന പ്രാഥമിക നിഗമനം. എയര്‍ ട്രാഫിക് കണ്ട്രോളറും പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തില്‍ അപാകതയുണ്ടായിട്ടുണ്ടോെയന്നും അന്വേഷണസംഘം പരിശോധിക്കും.
അപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് സാഥേയുടെ മൃതദേഹം കൊച്ചി വഴി മുംബൈയില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സഹപ്രവര്‍ത്തകരും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് മുംബൈയിലെ എയര്‍ ഇന്ത്യ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്നു കൊണ്ടുപോയ സഹ പൈലറ്റ് അഖിലേഷ് കുമാറിന്റെ മൃതദേഹം ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള വീട്ടിലെത്തിച്ചു. ഇന്നലെ വൈകിട്ടോടെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: