മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ദുരന്തം പെയ്തിറങ്ങിയ വാര്‍ത്ത അറിഞ്ഞ നിമിഷം തന്നെ സേവന സന്നദ്ധരായി ദുരന്തമുഖത്ത് പകരം വെയ്ക്കാനില്ലാത്ത സാന്നിദ്ധമാണ് മാറി സേവാഭാരതി.
വ്യാഴാഴ്ച്ച രാത്രിയില്‍ ഉണ്ടായ ദുരന്തം പുറം ലോകം അറിഞ്ഞത് വെള്ളിയാഴ്ച രാവിലെയാണ്. ദുരന്തത്തിന്റെ ആഴം മനസിലായപ്പോള്‍ തന്നെ സേവാഭാരതി ജില്ലാ നേതൃത്വത്തില്‍ നിന്നും ദുരന്ത സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദ്ദേശം താഴെ തട്ടിലേക്ക് പോയി. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ 20 പേര് അടങ്ങിയ സേവാഭാരതി സംഘം ദുരന്ത സ്ഥലത്തെത്തി. കരള്‍ പിളരുന്ന കാഴ്ചയാണ് അവിടെ കണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം തോള് ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിറങ്ങി.
ദുരന്തത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച എഴുപത്തിയഞ്ചോളം പ്രവര്‍ത്തകരാണ് സേവനത്തില്‍ ഏര്‍പ്പെട്ടത്. അന്ന് കണ്ടെടുത്ത 7 മൃതദേഹങ്ങളില്‍ പലതും സേവാഭാരതി പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ടാറ്റാ ടീയുടെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരികെ എത്തിച്ച മൃതദേഹങ്ങള്‍ സംസ്കരിക്കുവാനും സേവാഭാരതി പ്രവര്‍ത്തകര്‍ വേണ്ട സഹായം ചെയ്തു.
ചെളിയും പാറ കഷണങ്ങളും കെട്ടിട അവശിഷ്ടങ്ങളും നിറഞ്ഞ മണ്ണിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദൃഷ്കരമായിരുന്നു. മണ്കൂനക്കടിയില് ജീവന്റെ തുടിപ്പ് തിരയുവാന്‍ പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഓരോ സ്ഥലത്ത് പരിശോധന നടത്തുമ്പോഴും ബന്ധുക്കളുടെ ചേതനയറ്റ ശരീരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്ത് നില്ക്കുന്ന നിരവധി ആളുകളെയാണ് തങ്ങള്‍ക്ക് കാണാനായത്.
ഇന്നലെ നൂറോളം പ്രവര്‍ത്തകരാണ് സേവന രംഗത്ത് ഉണ്ടായിരുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധി ഇനിയാരും ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞെങ്കിലും തങ്ങള്‍ ജീവന്റെ ഒരംശം ഒരാളിലെങ്കിലും ഉണ്ടെങ്കില്‍ അവരെ രക്ഷിക്കാനാണ് പ്രയത്നിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ടി.ആര്. രഞ്ജിത്ത്, വി.കെ. ഷാജി, ടി.കെ. രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതി സേവന രംഗത്ത് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: