ജൂലൈ 27ന് പി. ജനാര്ദ്ദനന് എന്ന ജനേട്ടന് ഫേസ്ബുക്കില്‍ കുറിച്ചു, ‘വീണ്ടും മണിപ്പാല്‍ കെഎംസിയിലാണ്. നമസ്കാരം പ്രിയരെ..’, ഒപ്പം മുഖാവരണം ധരിച്ചുകൊണ്ടുള്ള ആശുപത്രിക്കിടക്കയിലിരുന്ന ചിത്രവും. തൊട്ടടുത്ത ദിവസം അദ്ദേഹം ഫേസ്ബുക്കില്‍ വീണ്ടും ഒരു പോസ്റ്റിട്ടു. അതൊരു വീഡിയോ ആയിരുന്നു. ഉദ്യോഗസ്ഥ-ഭരണ വര്‍ഗം നടത്തുന്ന ചൂഷണവും ഉപദ്രവവും സഹിച്ച് ക്ഷമകെട്ട പൊതുജനം ഒടുവില്‍ പിന്‍കാലുകൊണ്ട് ചവിട്ടി ചൂഷകനെ ആട്ടിയോടിക്കുന്നതായി ഒരു കഴുതയുടെയും പട്ടിയുടെയും ദൃശ്യങ്ങളിലൂടെ ചിത്രീകരിക്കുന്ന വീഡിയോ. മൂന്ന് ദശകത്തിലേറെക്കാലം സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടായിരുന്ന ജനേട്ടന് എന്നും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും
രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും എതിരായിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ആ പോസ്റ്റ്. സത്യത്തിലും നീതിയിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതയാത്രയെ ഭഗവത്ഗീത എത്രകണ്ട് സ്വാധീനിക്കുന്നു എന്ന ഓര്‍മ്മിപ്പാക്കാനാവണം ഗീതാപ്രചാരകന്‍ കൂടിയായ ജനേട്ടന് ആ വീഡിയോ പോസ്റ്റ് ചെയ്തത്.
എഴുത്തിലും ജീവിതത്തിലും ഹൃദയനൈര്‍മ്മല്യം കാത്തുസൂക്ഷിച്ച വ്യക്തിയാണ് ജനേട്ടന്. കേരളത്തിലെ ദേശീയ സാംസ്കാരിക കൂട്ടായ്മകള്‍ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ജനേട്ടനെ ഒരിക്കല്‍ പരിചയപ്പെട്ടവരാരും ആ കരുതലും സ്നേഹവും മറക്കില്ല.
ഗീതാസ്വാദ്ധ്യായ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. തുടര്‍ന്ന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ സജീവപ്രവര്‍ത്തകനും ജില്ലാ അദ്ധ്യക്ഷനും സംസ്ഥാന സമിതി അംഗവുമെല്ലാമായി. സര്‍ക്കാര്‍ ജോലിയിലിരിക്കെ ട്രേഡ് യൂണിയന് നേതാവ് എന്ന നിലയില്‍ എന്‍ജിഒ അസോസിയേഷന്റെ നേതാവായി.
സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തെ ആധാരമാക്കി മലയാളത്തില്‍ ഒരു നോവല്‍ എഴുതി എന്നതാണ് പി. ജനാര്‍ദ്ദനന്റെ സര്‍ഗജീവിതത്തിലെ ഏറ്റവും മഹത്തായ സംഭാവന. 1892ല്‍ ഷൊര്‍ണൂരില്‍ തീവണ്ടിയിറങ്ങി തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കാല്‍നടയായും വഞ്ചിയിലും കാളവണ്ടിയിലുമൊക്കെ സഞ്ചരിച്ച് കന്യാകുമാരിയിലെ ശ്രീപാദപ്പാറയിലെത്തുന്നതു വരെയുള്ള ഏതാണ്ട് മൂന്നാഴ്ചക്കാലത്തെ ജീവിതചിത്രണമാണ് ‘മഞ്ഞുകാലത്ത് ഒരു മിന്നല്‍ പിണര്‍പോലെ’ എന്ന പേരിലുള്ള ഈ നോവലിലെ പ്രതിപാദ്യം. വിവേകാനന്ദ സാഹിത്യത്തോടൊപ്പം പി. പരമേശ്വരന്റെയും എ.ആര്. ശ്രീനിവാസന്റെയും കൃതികളാണ് തന്റെ നോവലിന് പ്രചോദനമെന്ന് ജനേട്ടന് പറഞ്ഞിട്ടുണ്ട്.
ശ്രീനാരായണ പഠനങ്ങളടങ്ങിയ ‘ഗുരുവില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥവും കനപ്പെട്ടതാണ്. കെ.എം. മുന്‍ഷിയുടെ ‘ജയ് സോമനാഥം’ എന്ന വിഖ്യാത നോവല്‍ ഹിന്ദിയില്‍ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ജന്മഭൂമിയിലും കേസരിയിലുമുള്പ്പെടെ വിവിധ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. പരമേശ്വര്‍ജിയുടെ കവിതകളുടെ പഠനമാണ് അവസാനത്തെ രചന.
കണ്ണൂരിലെ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനൊപ്പം തപസ്യ കലാസാഹിത്യ വേദി, ചെറുശ്ശേരി സാഹിത്യ വേദി, സേവാഭാരതി തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ജനേട്ടന്.
അവസാന നാളുകളിലും ഭഗവത് ഗീതയുടെയും മഹാഭാരതത്തിന്റെയും യോഗശാസ്ത്രത്തിന്റെയുമൊക്കെ ലോകത്തായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ അദ്ദേഹം വ്യാസവാക്യം എന്ന ഗ്രന്ഥം കൈയില്‍ കരുതിയിരുന്നെന്നും അതിനെ കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്ന മകള്‍ ഷീബ സന്തോഷ് പറഞ്ഞത്. ആ വലിയ മനുഷ്യന്റെ ഓര്‍മ്മയ്ക്ക് ഹൃദയാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: