കൊച്ചി: വ്യോമസേനയിലെ വിദഗ്ധനായ പൈലറ്റ്, കാര്‍ഗില്‍ യുദ്ധ പോരാളി, മിഗ് വിമാനങ്ങളെ നിഷ്പ്രയാസം നിയന്ത്രിച്ച പരിചയ സമ്പന്നന്, ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന സഹപ്രവര്‍ത്തകരുടെ വാക്കുകളാണിവ. കരിപ്പൂര്‍ വിമാനാപകടത്തില്‍ കമാന്‍ഡര്‍ ദീപക് സാഠേയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് 36 വര്‍ഷത്തെ പരിചയ സമ്പത്തുള്ള വൈമാനികനെ.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 58-ാമത് കോഴ്സിലെ സ്വര്‍ണ മെഡല്‍ ജേതാവായായിരുന്നു സാഥേയുടെ തുടക്കം. 1981 ജൂണില്‍ ദണ്ടിഗല്‍ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് സ്വോഡ് ഓഫ് ഓര്‍ണറോടെ ബിരുദം നേടി. 1981ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. അടുത്തിടെ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി റീക്കമ്മീഷന് ചെയ്ത നമ്പര്‍ 17 സ്ക്വാഡ്രണ്‍ ഗോള്‍ഡന്‍ ആരോസിന്റെയും ഭാഗമായിരുന്നു ഒരിക്കലദ്ദേഹം.
തൊണ്ണൂറുകളില്‍ വ്യോമസേനയിലുള്ളപ്പോള് സംഭവിച്ച വിമാനാപകടത്തില്‍ തലയ്്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സാഥേ ആറു മാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് മാത്രമല്ല, വൈമാനികനായി തുടരാനുള്ള എല്ലാ കടമ്പകളും വിദഗ്ധമായി മറികടന്നു. 21 വര്‍ഷത്തെ സേവനത്തിന് ശേഷം 2003ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച സാഥേ പിന്നീട് എയര്‍ ഇന്ത്യയുടെ ഭാഗമാകുകയായിരുന്നു. തുടക്കത്തില്‍ എയര്‍ബസ്301, ബോയിങ്737 വിമാനങ്ങള്‍ പറത്തിയിരുന്ന അദ്ദേഹം 15 വര്‍ഷക്കാലമാണ് കൊമേര്‍ഷ്യല്‍ പൈലറ്റായി സേവനമനുഷ്ഠിച്ചത്.
വന്ദേഭാരത് മിഷന്റെ ഭാഗമാകുമ്പോള്‍ അമ്പത്തെട്ടുകാരനായ അദ്ദേഹത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, കൊറോണ മഹാമാരി മൂലം അന്യദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ തന്റെ നാട്ടുകാരെ തിരികെയെത്തിക്കണം. അതിനായി ഒരു യോദ്ധാവിനെ പോലെ മരണം വരെ അദ്ദേഹം പ്രയത്നിച്ചു.
മരണം മുന്നില്‍ കണ്ടപ്പോഴും തന്റെ യാത്രക്കാരെ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം പരിചയ സമ്പന്നനായ ആ വൈമാനികന് ചെയ്തിട്ടുണ്ടാകാമെന്നാണ് വ്യോമസേനയിലെ സഹപ്രവര്‍ത്തകരടക്കം അദ്ദേഹത്തെയറിയുന്നവര് മുഴുവന്‍ പറയുന്നത്.
മകന് ജീവന് നല്‍കിയത് രാജ്യത്തിനെന്ന് അച്ഛനും അമ്മയും
നാഗ്പൂര്‍: കരിപ്പൂരില്‍ വിമാനാപകടത്തില്‍ മരിച്ച ദീപക് വസന്ത് സാഥേയുടെ ഓര്‍മ്മകളില്‍ വിതുമ്പി കുടുംബം. അന്യരെ സഹായിക്കുന്നതില്‍ എന്നും മുന്നിലായിരുന്ന മകന് രാജ്യത്തിനായി ജീവന് ബലികഴിക്കുകയായിരുന്നെന്ന് അമ്മ നീല സാഥേ പറഞ്ഞു. സൈന്യത്തില്‍ നിന്നു വിരമിച്ച കേണല്‍ വസന്ത് സാഥേക്കും ഭാര്യ നീല സാഥേക്കും തങ്ങളുടെ രണ്ടാമത്തെ മകനെയാണ് രാജ്യസേവനത്തിനിടെ നഷ്ടമാകുന്നത്.
എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ദീപക് അഹമ്മദാബാദ് വെള്ളപ്പൊക്കത്തില്‍ നിന്ന് സൈനികരുടെ മക്കളെ സ്വന്തം കൈകൊണ്ട് രക്ഷിച്ചു. മകന് തന്റെ പ്രവൃത്തികളിലൂടെ അഭിമാനം കൊള്ളിച്ച ഓരോ നിമിഷവും ആ അച്ഛനുമമ്മയും ഓര്‍ത്തെടുത്തു. വ്യോമസേനയിലെ ദീപക്കിന്റെ എട്ടു മെഡല്‍ നേട്ടങ്ങളെക്കുറിച്ചും അവര്‍ അഭിമാനത്തോടെ പങ്കുവച്ചു.
മകനു പകരം തങ്ങളെ ദൈവത്തിന് വിളിക്കാമായിരുന്നു എന്ന അവരുടെ വാക്കുകള്‍ ആരെയും വേദനിപ്പിക്കുന്നതായി. മുപ്പത് വര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അച്ഛന്റെ പാത പിന്തുടര്ന്നാണ് വസന്തും വികാസും സൈന്യത്തിലെത്തിയത്. 22-ാം വയസ്സില്‍ ഫിറോസ്പൂരില്‍ വച്ചായിരുന്നു വികാസ് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: