കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. പുഴകള്‍ കരകവിഞ്ഞ് ഒഴുകിയതോടെ തീരപ്രദേശങ്ങളിലെല്ലാം വെള്ളം കയറി ദുരിതത്തിലായ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മലയോര മേഖലയില്‍ പല സ്ഥലങ്ങളിലും കുന്നുകള്‍ ഇടിഞ്ഞ് വീണും മരങ്ങള്‍ കടപുഴകിയും മറ്റും റോഡ് വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്ന് ഒറ്റപ്പെട്ട് കിടക്കുകയാണ്. കാലവര്‍ഷം കനത്തതോടെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
തളങ്കര കൊപ്പല്‍ പ്രദേശം ഒറ്റപ്പെട്ടു. 150 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിവരമറിഞ്ഞ് തഹസില്‍ദാര്‍ എ.വി രാജന്‍, തളങ്കര വില്ലേജ് ഓഫീസര്‍ ബദറുല്‍ ഹുദാ, ഡിവൈഎസ്പി പി ബാലകൃഷ്ണന്‍, എസ് എ വിപിന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇവരെ മാറ്റിത്താമസിപ്പിക്കാന്‍ കുന്നില്‍ ജിയുപി സ്‌കൂളില്‍ സൗകര്യമൊരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് താലക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം.
കാസര്‍കോട് താലൂക്ക് 04994 230021,
വെള്ളരിക്കുണ്ട് 0467 2242320,
ഹോസ്ദുര്‍ഗ് 0467 2204042,
മഞ്ചേശ്വരം 04998 244044..
ചില കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാമെന്നറിയിച്ചിട്ടുണ്ട്. പല കുടുംബങ്ങളും ആദ്യം മാറിത്താമസിക്കാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി അധികൃതര്‍ ഇടപെട്ട് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. പ്രദേശത്തേക്കുള്ള പാലം തകര്‍ന്നതിനാല്‍ താത്കാലികമായി കവുങ്ങ് കൊണ്ട് നിര്‍മിച്ച നടപ്പാലത്തിലൂടെയാണ് പോക്കുവരവ്. ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. 54 ലക്ഷം രൂപ ചിലവില്‍ പാലം പണി നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല.
കൊറക്കോട് പ്രദേശത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടെയുള്ളവരോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
തെരുവത്ത് ഹൊന്നമൂല പ്രദേശത്തും 15 ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തളങ്കര ദഖീറത്ത് സ്‌കൂളിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മതിലിടിഞ്ഞു വീണു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തളങ്കരയിലെ മുഹമ്മദും സുഹൃത്ത് ഇംതിയാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. കെ എ 19 എം എ 561 നമ്പര്‍ സ്വിഫ്റ്റ് കാറിന് മുകളിലാണ് മതിലിടിഞ്ഞ് വീണത്.
ചുള്ളിക്കര: തുടര്‍ച്ചയായി മഴ പെയ്തതോടെ കാസര്‍കോടിലെ മലയോര പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ കൊട്ടോടി ടൗണും താഴ്ന്ന പ്രദേശങ്ങളും വെള്ളിനടിയിലാണ്. ഇനിയും മഴ തുടരുകയാണെങ്കില്‍ വെള്ളം ഇനിയും ഉയരാനും സമീപത്തെ കൂടുതല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവും. ഏകദേശം 300 മീറ്ററോളം റോഡ് വെള്ളത്തിനടിയിലാണ്. ഇതു വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധങ്ങള്‍ താറുമാറായിരിക്കുകയുമാണ്.
നീലേശ്വരം: തേജസ്വിനി പുഴ കരകവിഞ്ഞതിനാല്‍ കഴിഞ്ഞ വര്‍ഷത്തിന് സമാനമായ രീതിയില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്. തേജസ്വിനി പുഴയുടെ തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളായ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ നീലായി, പാലയി, ചാത്തമത്ത്, പോടോത്തുരുത്തി, കാര്യങ്കോട്, മുണ്ടെമ്മാട് പ്രദേശങ്ങളില്‍ വെള്ളം കയറി. ഈ ഭാഗങ്ങളിലെ 15 ഓളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആളപായം ഇല്ല. ചാത്തമത്ത് പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിവരുന്നു. ചാത്തമത്ത് ഇതുവരെ 80 ഓളം കുടുംബംങ്ങളെ മാറ്റിപാര്‍പ്പിച്ചു. മടിക്കൈ തീയ്യര്‍ പാലം റോഡിലേക്ക് വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. പാലായി ക്ഷേത്രത്തിലും വെള്ളം കയറി.
ഭീമനടി: കൊന്നക്കാട് മണ്ണിടിഞ്ഞെങ്കിലും ആളപായമില്ല. മൂത്താടി കോളനിയിലെ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടു കൂടിയാണ് പുഴയില്‍ വെള്ളം ഉയര്‍ന്നത്. കൊന്നക്കാട് മലനിരകളില്‍ ഉരുള്‍പൊട്ടിയതാണെന്നാണ് സംശയം ഉയര്‍ന്നതെങ്കിലും മണ്ണിടിച്ചിലാണ് ഉണ്ടായിട്ടുള്ളതെന്നും ഉരുള്‍പൊട്ടിയിട്ടില്ലെന്നും വെളരിക്കുണ്ട് തഹസീല്‍ദാര്‍ അറിയിച്ചു.
കാലിക്കടവ് കുന്നുംകൈ റോഡില്‍ വെള്ളം കയറിയതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മാങ്ങോട്-നര്‍ക്കിലക്കാട് റോഡിലും വെള്ളം കയറി. റവന്യൂ അധികൃതരും രാത്രിയില്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.
കനത്ത മഴ തുടരുന്നതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പുഴയോട് ചേര്‍ന്ന് താസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ; 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ആറു ക്യാമ്പുകള്‍ ആരംഭിച്ചു
കാസര്‍കോട്: മഴ ശക്തി പ്രാപിച്ചതോടെ മഴക്കെടുതിയുടെ ഭാഗമായി ഇതുവരെ ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കേണ്ടി വന്നത്. ഈ മേഖലയില്‍ നിന്ന് മാത്രം 381 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഏറെ പേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. കയ്യൂര്‍ മേഖലയില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജിഎച്ച്എസ്എസ് കയ്യൂരില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളും ചെറിയാക്കര ജിഎല്‍പിഎസിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളുമാണുള്ളത്.
വെള്ളരിക്കുണ്ടില്‍ പതിനൊന്നോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇതുവരെ 82 കുടുംബങ്ങളെയാണ് വെള്ളരിക്കുണ്ടില്‍ മാറ്റിത്താമസിപ്പിച്ചിട്ടുള്ളത്. മൂന്ന് ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ജിഎച്ച്എസ്എസ് മാലോത്ത് കസബയില്‍ അഞ്ച് കുടുംബങ്ങളും ജിഎല്‍പിഎസ് കിനാനൂരില്‍ 3 കുടുംബങ്ങളും ജിഎല്‍പിഎസ് പുലിയന്നൂരില്‍ 4 കുടുംബങ്ങളുമാണ് നിലവിലുള്ളത്.
കാസര്‍കോട് താലൂക്കിലെ തളങ്കര വില്ലേജില്‍ ചന്ദ്രഗിരി പുഴ കരകവിഞ്ഞൊഴികയതിനെ തുടര്‍ന്ന് 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ ഇരുപത് പേര്‍ തളങ്കര ജിഎല്‍പിഎസിലെ ക്യാമ്പില്‍ കഴിയുകയാണ്. ചെങ്കള വില്ലേജിലെ ചേരൂറില്‍ നാല് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
മഞ്ചേശ്വരം താലൂക്കിലെ പൈവളികെയില്‍ മണ്ണിടിച്ചലുണ്ടായതിനെ തുടര്‍ന്ന് ഒമ്പത് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് പോയി. ഉപ്പള മുസോടിയില്‍ കടലേറ്റ ഭീഷണിയില്‍ എട്ട് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
ചന്ദ്രഗിരി കരകവിഞ്ഞു
കാസര്‍കോട്: ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞു. കാസര്‍കോട് നഗരസഭയിലെ തളങ്കര കൊപ്പല്‍ ദേശത്തെ 20 കുടുംബങ്ങളിലെ 31 സ്ത്രീകള്‍, ഏഴ് പുരുഷന്‍മാര്‍, 11 കുട്ടികള്‍ എന്നിവരെ തളങ്കര കുന്നില്‍ ജിഎല്‍പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
തളങ്കര കൊറക്കോട് വയലില്‍ 13 കുടുംബങ്ങള്‍ മാറിപ്പോയി. 10 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും മൂന്ന് കുടുംബങ്ങള്‍ നാട്ടുകാരുടെ സഹകരണത്തോടെ ലോഡ്ജുകളിലേക്കും താമസം മാറി. വീടുകളുടെ പകുതിയോളം വെള്ളം കയറിയ കുടുംബങ്ങളാണ് താമസം മാറിയത്. ചെങ്കള വില്ലേജില്‍ നാല് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിപ്പോയി.
മലയോരത്ത് വെള്ളപ്പൊക്കം
പെരുമ്പട്ട: പെരുമ്പട്ട ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പെരുമ്പട്ട റേഷന്‍ കടയിലെ സാധനങ്ങള്‍ മാറ്റി. കള്ളാര്‍ വില്ലേജില്‍ കൊട്ടോടി ടൗണിലും വെള്ളം കയറി. ചിറ്റാരിക്കാല്‍ വില്ലേജില്‍ കാര്യങ്കോട് പുഴയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് ആയന്നൂര്‍ ആയന്നൂര്‍ ഭാഗത്തെ തളിയില്‍ പുതിയവീട്ടില്‍ മനോജിനെയും കുടുംബത്തെയും ആയന്നൂര്‍ ശിവക്ഷേത്രത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റി താമസിപ്പിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട, ആമ്പിലേരി എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പെരുമ്പട്ട പുഴ കര കവിഞ്ഞൊഴുകുകയാണ്. അമ്പിലേരിയിലെയും പെരുമ്പട്ടയിലെയും കടകളില്‍ വെള്ളം കയറി. പാലാവയല്‍ വില്ലേജില്‍ അത്തിയടുക്കം ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ആറു വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. ഈ ഭാഗത്തെ കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വെള്ളരിക്കുണ്ടില്‍ ക്യാമ്പ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചു
വെള്ളരിക്കുണ്ട്: മണ്‍സൂണ്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്കില്‍ ക്യാമ്പ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമം പൂര്‍ത്തിയാക്കിയതായി വെള്ളരിക്കൂണ്ട് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍ അറിയിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായി താലൂക്ക് പരിധിയില്‍ കാലവര്‍ഷക്കെടുതി അനുഭവിക്കുന്നവരെ യഥാസമയം ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ സഹായം നല്‍കുന്നതിനും ഇവര്‍ നേതൃത്വം നല്‍കും. ഒരു വില്ലേജില്‍ ഒന്നിലധികം ക്യാമ്പുകള്‍ ഉണ്ടെങ്കില്‍ അതിന്റെ മാനേജര്‍ അതേ വില്ലേജ് ഓഫീസര്‍മാരായിരിക്കും. ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് വില്ലേജ് ഓഫീസിലെ മറ്റു ജീവനക്കാരുടെ സേവനം വില്ലേജ് ഓഫീസര്‍മാര്‍ ഉപയോഗപ്പെടുത്തും. ചാര്‍ജ് ഓഫീസര്‍മാര്‍ ക്യാമ്പുകള്‍ നേരിട്ട് പരിശോധിച്ച് ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ നേരത്തേ നടത്തിയിരുന്ന യോഗതീരുമാന പ്രകാരമാണ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
വെള്ളരിക്കുണ്ട്: മാലോം വില്ലേജില്‍ കൊന്നക്കാട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, തേജസ്വിനി പുഴയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് കിനാനൂര്‍ വില്ലേജിലെ പുതിയവളപ്പിലെ ആളുകള്‍ക്കിയി കിനാനൂര്‍ എല്‍പി സ്‌കൂളിലും കരിന്തളം വില്ലേജില്‍ പുലിയന്നൂര്‍ ഭാഗത്തെ ആളുകള്‍ക്കായി പുലിയന്നൂര്‍ എല്‍ പി സ്‌കൂളിലുമാണ് ക്യാമ്പുകള്‍ ആരംഭിച്ചത്.
മാലോത്ത് കസബ സ്‌കൂളില്‍ 11 പേരും കിനാനൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളിലായി 10 പേരും പുലിയന്നൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ നാല് കുടുംബങ്ങളിലായി 12പേരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: