തൊടുപുഴ: 2018 ആഗസ്റ്റിന് സമാനമായ രീതിയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുതിച്ചുയരുന്നു. ഈ മാസം ഏഴ് ദിവസം കൊണ്ട് മാത്രം ജലനിരപ്പില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ 54% ആണ് ജലശേഖരം.
ആഗസ്റ്റ് ഒന്നിന് സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലശേഖരം 32 ശതമാനമായിരുന്നു. നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയിലധികമാണ്. ഇക്കാലയളവില്‍ 367.839 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടുകളിലേക്ക് പ്രതീക്ഷിച്ചിരുന്നതെങ്കിലും 1112.896 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ മാത്രം 305.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമെത്തി. 2239.435 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം നിലവിലുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ മാത്രം 5.64 അടി ഉയര്‍ന്ന് 2358.94 അടിയിലെത്തി. ഇത് സംഭരണ ശേഷിയുടെ 53 ശതമാനമാണ്. സംഭരണിയിലേക്ക് ശക്തമായ നീരൊഴുക്കാണ്. 106.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി. 1169.9 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്. മുല്ലപ്പെരിയാര്‍ നിറയുന്ന സാഹചര്യത്തില്‍ ഈ ജലം കൂടി എത്തിയാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: