കോട്ടയം: കരിപ്പൂരിലെ വിമാന ദുരന്തത്തിനു റണ്‍വേയുടെ അപാകം മാത്രമല്ല മറ്റു പല ഘടകങ്ങളും ഉണ്ടാകാമെന്ന് മുന്‍ വ്യോമയാന ഡയറ്കടര്‍ ഇ.കെ. ഭരത് ഭൂഷണ്. കാറ്റിന്റെ ദിശ, വിസിബിലിറ്റി( കാഴ്ച) മഴ, മഴ മൂലമുണ്ടാകുന്ന ക്രോസ് വിന്‍ഡ്, നിലവിലുള്ള റണ്‍വേയുടെ പരിപാലനത്തിലെ അപാകം , പൈലറ്റിന്റെ ശാരീരിക, മാനസിക അവസ്ഥ… അങ്ങനെ പല കാരണങ്ങള്‍.
വിമാനം ലാന്‍ഡ് ചെയ്യും മുന്‍പ് രണ്ടു തവണ പൈലറ്റ് ഇതിന് ശ്രമിച്ചിരുന്നുവെന്നും മുകളില്‍ വട്ടമിട്ട് പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തു കൊണ്ടാണ് പൈലറ്റിന് ആദ്യം ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നത് എന്ന് പരിശോധിക്കണം. റണ്‍വേയില്‍ രണ്ടായിരം അടി മുന്നോട്ടുകയറിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇത് എന്തുകൊണ്ടെന്നും കണ്ടെത്തണം. വലിയ ശക്തിയോടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. അല്ലെങ്കില്‍ രണ്ടു കഷണമാവില്ല. എന്തുെകാണ്ടാണ് ഇത്രയും ശക്തിയില്‍ വിമാനമിറക്കിയതെന്നും അറിയേണ്ടതുണ്ട്. ലാന്‍ഡിങ്ങ് സമയത്ത് അതിശക്ത മഴയുണ്ടായിരുന്നു.
വിമാനം രണ്ടായിരം അടി മുന്നോട്ടുപോയി ലാന്‍ഡ് ചെയ്ത് താഴ്ചയിലേക്ക് കഷണങ്ങളായി വീണിട്ടും തീ പിടിത്തം ഉണ്ടായില്ല എന്നതും 18 പേര് മാത്രമേ മരിച്ചുള്ളുവെന്നതും അത്ഭുതകരമാണ്. വിമാനം രണ്ടോ മൂന്നോ കഷണമായാല് സ്ഫോടനത്തോടെ തീ കത്തും. വിമാനഇന്ധനം വലിയ ജ്വലന ശേഷിയുള്ള ദ്രാവകമാണ്. ശക്തമായ മഴയുണ്ടായിരുന്നതാകാം കാരണം.
കോക്പിറ്റ് വോയിസ് റിക്കാര്‍ഡര്‍
വിമാനത്തിന്റെ എല്ലാ വിശദാംശങ്ങളും ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിങ്ങ് വരെയുള്ള പൈലറ്റുമാരുടെ സംഭാഷണവും എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗവുമായുള്ള സംഭാഷണവും എല്ലാം കോക്പിറ്റ് വോയിസ് റിക്കാര്‍ഡറില്‍ ഉണ്ടാകും. വിമാനത്തിന്റെ നിയന്ത്രണ സംവിധാനം പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്്ഡാണ്. അതിനാല്‍ അതും ലഭ്യമാണ്. എത്ര വേഗത്തിലാണ് വിമാനം റണ്‍വേയെ അപ്രോച്ച് ചെയ്തത്, ഏതു ഘട്ടത്തിലാണ് പൈലറ്റ് അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു തുടങ്ങിയത്, എന്നിവയും ഇതില്‍ ലഭിക്കും. റണ്‍വേ സാമ്പിളുകള്‍ ഇപ്പോള്‍ തന്നെ ശേഖരിച്ചു കാണും. റണ്‍വേയുടെ അവസ്ഥ, വെള്ളക്കെട്ടും തെന്നലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.
പൈലറ്റിന്റെ അവസ്ഥ
പൈലറ്റിന്റെ ശാരീരിക അവസ്ഥ പ്രധാനമാണ്. മംഗലാപുരം അപകടത്തില്‍ പൈലറ്റ് ജലദോഷമോ മറ്റോ മൂലം ആന്റി അലര്‍ജി മരുന്ന് കഴിച്ചിരുന്നു. ടേക്ക് ഓഫ് ചെയ്തതു മുതല്‍ ലാന്‍ഡ് ചെയ്യുന്നതിന് അല്‍പ്പം മുന്‍പുവരെ അദ്ദേഹം ഉറങ്ങുകയായിരുന്നു. കൂര്‍ക്കം വലിയുടെ ശബ്ദം വോയിസ് റിക്കാര്ഡറിലുണ്ടായിരുന്നു. ലാന്‍ഡ് ചെയ്യേണ്ട സമത്ത് താന്‍ നിയന്ത്രണം ഏറ്റെടുക്കാമെന്ന് കോ പൈലറ്റ് പറഞ്ഞിരുന്നു. വേണ്ടെന്നു പറഞ്ഞ് പൈലറ്റ് തന്നെ ഏറ്റെടുക്കുകയായിരുന്നു. ഉറക്കച്ചടവോടെയാണ് അദ്ദേഹം എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടതും. അതും തിരിച്ചറിഞ്ഞു, ഭരത് ഭൂഷണ് പറയുന്നു.
ടേബിള്‍ ടോപ്പില്‍ വേണ്ടത് അതീവ ജാഗ്രത
ടേബിള്‍ ടോപ്പ് വിമാനത്താവളം സുരക്ഷിതമല്ലെന്ന അര്ഥമേയില്ലെന്നും ഭരത് ഭൂഷണ്. പക്ഷേ, അവ ക്രിട്ടിക്കലാണ്. ഇവിടെ വിമാനം ഇറക്കുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും വളരെ ശ്രദ്ധവേണം. കുന്നുകള്‍ക്കിടയിലുള്ള വിമാനത്താവളം. റണ്‍വേയുടെ വശങ്ങളില് വലിയ താഴ്ചയാകും. വിമാനം നിര്‍ദ്ദിഷ്ട സ്ഥലം കഴിഞ്ഞ് കുറച്ചു കൂടി മുന്നോട്ടുപോയി ലാന്‍ഡ് ചെയ്താല്‍ ഓടി വേഗം കുറച്ചു വന്നു നില്ക്കാന് ഇടമില്ല.
കരിപ്പൂരില്‍ സുരക്ഷാ പ്രശ്നമുണ്ടെന്നു കാണിച്ച് വ്യോമയാന ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വാര്‍ത്തകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയെങ്കില്‍ അവ പരിഹരിക്കാതെ വിമാനങ്ങള്‍ ഇറക്കാന്‍ ഡിജിസിഎ അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിവില്‍ എവിയേഷന്‍ ഡയറക്ടറേറ്റ് വലിയ, ശക്തമായ ഓഫീസാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: