ചെന്നൈ: നാല് ദിവസമായി തോരാതെ മഴ പെയ്യുന്ന വയനാട്ടിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകൻ പ്രദീപ് ജോണ്‍. കനത്ത മഴ പെയ്യുന്ന വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണെന്ന് തന്റെ ഫേസ്‌ബുക്ക് പേജിൽ പ്രദീപ് മുന്നറിയിപ്പ് നൽകുന്നു.
ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും. കേരളത്തില്‍ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്. ഇതുവരെ 10 ശതമാനം മണ്‍സൂണ്‍ മഴയാണ് കേരളത്തില്‍ കുറവുണ്ടായിരുന്നത്. ഇത് ആഗസ്റ്റ് 11 വരെ തുടര്‍ന്നാല്‍ പോസിറ്റീവ് സോണിലെത്തും.
ഇടുക്കിയിലേക്ക് മേഘ ബാന്‍റുകള്‍ വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടില്‍ ഇപ്പോള്‍ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ വരുന്ന മേഘങ്ങള്‍ രാജമലയിലും മറ്റും നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. തമിഴ്നാട്ടിലെ ഗൂഢല്ലൂര്‍, പണ്ടല്ലൂര്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കേണ്ട സ്ഥലങ്ങളാണെന്നും പ്രദീപ് വ്യക്തമാക്കുന്നു.
കേരളത്തില്‍ ഇക്കുറിയും കനത്ത മഴയ്‌ക്കുള്ള സാദ്ധ്യതകള്‍ പ്രവചിച്ച കാലവസ്ഥ വിദഗ്‌ദ്ധനാണ് പ്രദീപ് ജോണ്‍. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായിരുന്നു.
തമിഴ്നാട് വെതര്‍മാന്‍ എന്ന് അറിയപ്പെടുന്ന പ്രദീപ്, വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രവചനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: