പാരീസ്: ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് വ്യാപനത്തില്‍ വീണ്ടും വര്‍ധന. അവധിക്കാലത്ത് വൈറസ് രണ്ടാം വരവ് ഭീഷണിയിലാണ് യൂറോപ്പ്. രണ്ട് മാസത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന വൈറസ് വ്യാപന നിരക്കാണ് ഇന്നലെ ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയ്നില്‍ 1772 പേര്‍ക്കും പുതുതായി രോഗം കണ്ടെത്തി.
ജര്‍മനിയില്‍ മൂന്ന് മാസത്തിനിടെ ആദ്യമായി ഇന്നലെ പ്രതിദിന വൈറസ് വ്യാപനം ആയിരം കടന്നു. മെയ് ഒമ്പതിനാണ് ജര്‍മനിയില്‍ അവസാനമായി ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ആയിരം കടന്നത്. അതേസമയം, മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവരിലാണ് കൂടുതലായും രോഗം കണ്ടെത്തുന്നതെന്നും ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അതിനിടെ, കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുള്ള വലിയ പരിപാടികള്‍ക്ക് ഉടന്‍ അനുമതി നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കായിക മത്സരങ്ങള്‍, സംഗീത സദസ്സുകള്‍ തുടങ്ങിയവയ്ക്ക് വന്‍ ജനാവലിയെത്തുന്നതിനാല് അപകട സാധ്യത കൂടുതലാണെന്നും ഡബ്ല്യുഎച്ച്ഒ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക് റയാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: