ആലപ്പുഴ: സംസ്ഥാന ട്രഷറിയില്‍ തട്ടിപ്പ് നടക്കുന്നത് പുതിയ സംഭവമല്ലെന്ന ന്യായീകരണവുമായി മന്ത്രി തോമസ് ഐസക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ തട്ടിപ്പ് നടന്നതെന്നാണ് മന്ത്രിയുടെ വാദം. ട്രഷറിയില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് യുഡിഎഫ് കാലമെന്നോ എല്‍ഡിഎഫ് കാലമെന്നോ വ്യത്യാസമില്ലെന്നും സമൂഹമാധ്യമ കുറിപ്പില്‍ ഐസക്ക് പറയുന്നു.
1995 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എട്ടു പേരെ ഇത്തരത്തില്‍ ജോലിയില്‍ നിന്നും ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നുപേരെ പിരിച്ചുവിട്ടിട്ടുള്ളത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ഐസക്ക് പറയുന്നു. ഇതില്‍ മൂന്നുപേര്‍ റ്റിഎസ്പി അക്കൗണ്ടിലെ പണം തിരിമറി ചെയ്തതിനും മൂന്നുപേര്‍ പെന്‍ഷന്‍ പണം തിരിമറി ചെയ്തതിനുമാണ്. ഇവരില്‍ കോഴിക്കോട് അഡീഷണല്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് പണാപഹരണം നടത്തിയത് 2004 ലും കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് പണാപഹരണം നടത്തിയത് 2014 ലുമാണ്.
കാട്ടക്കട ജില്ലാ ട്രഷറിയിലെ എന്‍ക്വയറി തീര്‍ത്ത് കുറ്റക്കാരനെ തരം താഴ്‌ത്തി. തൃശൂര്‍ സ്റ്റാമ്പ് ഡിപ്പോയിലെയും കണ്ണൂര്‍ ജില്ലാ ട്രഷറിയിലെയും അന്വേഷണം പൂര്‍ത്തീകരിച്ച് അച്ചടക്ക നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊന്നാനി ചങ്ങരംകുളം ട്രഷറിയിലെ ക്രമക്കേടിന് സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. മറ്റുള്ള മൂന്നു കേസുകളുടെ കാര്യത്തില്‍ അന്വേഷണ നടപടികള്‍ പുരോഗമിച്ചു വരികയാണ്.
വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്നത് വിദഗ്ധരെപ്പോലും ഞെട്ടിപ്പിക്കുന്ന സൈബര്‍ ക്രൈം ആണ്. പിരിച്ചുവിടല്‍ തന്നെയാണ് ഇയാള്‍ക്കുള്ള ശിക്ഷ. കഴിഞ്ഞ അരനൂറ്റാണ്ടിലെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒന്‍പതു പേരെയാണ് ഡിസ്മിസ് ചെയ്തിട്ടുള്ളത്. ഇതില്‍ ആറു പേരും യുഡിഎഫ് ഭരണകാലത്താണ് കുറ്റകൃത്യം ചെയ്തിട്ടുള്ളത്.
സോഫ്റ്റ്‌വെയറിലെ പിഴവാണ് ഇങ്ങനെയൊരു അവസരം അയാള്‍ക്കു നല്‍കിയത്. ഈ സോഫ്റ്റ്‌വെയറിനു രൂപം നല്‍കിയത് 80 ശതമാനവും യുഡിഎഫ് ഭരണകാലത്താണ്. 2016-17ലാണ് ഇത് റോള്‍ഔട്ട് ചെയ്തത്, മന്ത്രി വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: