വാഗമണ്‍: വ്യാഴാഴ്ച രാത്രി മുതലുണ്ടായ ശക്തമായ മഴയില്‍ ഇടുക്കി ജില്ലയില്‍ കനത്ത നാശനഷ്ടം. നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടങ്ങളിലും, ചിന്നാറിലുമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതുകൂടാതെ വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപത്തായി നിര്‍ത്തി ഇട്ടിരുന്ന കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ഇതിനകത്ത് ഉണ്ടായിരുന്ന ആളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശിയായ മാര്‍ട്ടിനെയാണ് കാണാതായത്. എന്നാല്‍ ഒരാളെ കാണാനില്ലെന്നും പരാതിയുണ്ട്. കാറിലുണ്ടായിരുന്ന അനീഷ് എന്നയാളെയാണ് കാണാതായത്.
തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ നിന്ന് കാര്‍ ഒലിച്ചുപോകുകയായിരുന്നു. ഏലപ്പാറ- വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തില്‍പ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു.
ഇടുക്കിയിലെ കോഴിക്കാനം അണ്ണന്‍തമ്പിമല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതായി ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു. മേലേചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: