കോഴിക്കോട്: കാലവര്‍ഷം കനത്തതോടെ മലബാറിന്റെ വടക്കന്‍ മേഖലകളില്‍ ദുരിതപ്പെയ്ത്ത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയും മലയിടിഞ്ഞും ജനജീവിതം ദുസ്സഹമായി. പ്രളയ സമാനസ്ഥിതിയാണ് പലയിടത്തും. വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് ജീവന് നഷ്ടമായി.
കനത്ത മഴയെ തുടര്‍ന്ന് വയനാട്, മലപ്പുറം ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട്. മരം വീണും വെള്ളക്കെട്ടില്‍ വീണുമാണ് രണ്ട് കുട്ടികള്‍ മരിച്ചത്. വയനാട്ടിലെ തവിഞ്ഞാല്‍ വാളാട് തോളക്കര കോളനിയില്‍ കനത്തമഴയില്‍ വീടിനു മുകളില്‍ മരം വീണ് ബാബുവിന്റെ മകള്‍ ആറു വയസുകാരി ജ്യോതിക ആണ് മരിച്ചത്. അപകടത്തില്‍ ബാബുവിന്റെ ഒരു കാല് പൂര്‍ണമായും നഷ്ടമായി. അച്ചൂര് നായ്ക്കന് കോളനിയിലെ ഉണ്ണിയുടെ മകള്‍ ഉണ്ണിമായ (5) കോളനിക്ക് അടുത്തുള്ള തോട്ടില്‍ വീണ് മരിച്ചു. ജില്ലയില്‍ മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.
കോഴിക്കോട് ചാലിയാര്‍, ഇരുവഴിഞ്ഞിപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാലിയാര്‍ കരകവിഞ്ഞ് മാവൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. താമരശ്ശേരി ഈങ്ങാപ്പുഴ മുട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ ബുധനാഴ്ച രാത്രി മലവെള്ള പ്പാച്ചിലുണ്ടായി.
പ്രളയഭീതിയിലാണ് മലപ്പുറം ജില്ലയിലുള്ള നിലമ്പൂര്‍. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്ത് നിന്നടക്കം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലമ്പൂര്‍ ജനതപടിയില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറി കോഴിക്കോട്-ഊട്ടി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാര്‍ പുഴകള്‍ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. മുപ്പത് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിന് ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്.
പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയും നശിച്ചു. മൂന്നാര്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: