മാധ്യമ പ്രവര്‍ത്തനം ആകര്‍ഷകവും ആദായകരവുമായ കാലത്തല്ല പി.കെ. സുകുമാരന്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. എന്‍.വി. കൃഷ്ണവാരിയര്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ, വി.എം. കൊറാത്ത്,തെരുവത്ത് രാമന്, വി.ടി. ഇന്ദുചൂഡന് തുടങ്ങിയ പ്രമുഖര്‍ നയിക്കുന്ന മേഖലയിലേക്കാണ് പി.കെ.സുകുമാരന്‍ എന്ന യുവാവ് കടന്നുവരുന്നത്. ആദായകരമല്ലെങ്കിലും മാധ്യമപ്രവര്‍ത്തനത്തിന്റെ ആശയപരവും ധാര്‍മ്മികവുമായ അടിത്തറ ഭദ്രമായിരുന്ന കാലമായിരുന്നു അത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ ദിശയും ലക്ഷ്യവും മാറിയകാലത്തും പോയകാലത്തിന്റെ വിശുദ്ധിയും ധാര്‍മ്മികതയും കാത്തു സൂക്ഷിച്ച് മാധ്യമരംഗത്ത് ഉറച്ചു നിന്നു വെന്നതാണ് പി.കെ. സുകുമാരനെ ഈ മേഖലയില്‍ വേറിട്ട് നിര്‍ത്തുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ കടലോരഗ്രാമമായ തളിക്കുളത്ത് നിന്ന് കോഴിക്കോട്ടെത്തിയ സുകുമാരന്‍ കേസരി വാരികയുടെ സഹപത്രാധിപരായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1968 നവംബറിലാണ് അദ്ദേഹം കേസരിയില്‍ ചേരുന്നത്. 1951 ലാണ് കേസരി വാരിക ആരംഭിക്കുന്നത്. ബാലാരിഷ്ടതകള്‍ മറികടക്കാന്‍ കഴിയാതെ പ്രസിദ്ധീകരണത്തിന്റെ ഓരോ ഘട്ടത്തിലും നിലനില്‍ക്കാനുള്ള പോരാട്ടമായിരുന്നു അന്ന്. എം.എ സാര്‍ എന്ന എം.എ.കൃഷ്ണന് കേസരിയുടെ പത്രാധിപരായിരുന്നു. അദ്ദേഹത്തിന്റെ വിപുലമായ വ്യക്തിബന്ധം കേസരിയുടെ വളര്‍ച്ചയ്ക്ക് ഏറെ പങ്കുവഹിച്ചതോടെ മാറ്റങ്ങള്‍ പ്രകടമായി.
സംഘര്‍ഷഭരിതമായ രാഷ്ട്രീയസാഹചര്യമായിരുന്നു അന്ന് കേരളത്തിലും ഭാരതത്തിലും. ദേശീയതലത്തില്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയമായി വന്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആദ്യം മാധ്യമങ്ങളുടെ വായടപ്പിക്കുകയായിരുന്നു അവര്‍ ചെയ്തത്. കേരളത്തിലെ മാധ്യമ ഓഫീസുകളില്‍ സെന്‍സര്‍ഷിപ്പിന്റെ കത്രിക നീണ്ടു. കേസരിക്കെതിരെ പോലീസും ഭരണാധികാരികളും എത്തിയത് സെന്‍സര്‍ഷിപ്പ് എന്ന മാരകായുധവുമായി മാത്രമായിരുന്നില്ല. കേസരി അച്ചടിക്കുന്ന ജയഭാരത് പ്രസ്സും കേസരി ഓഫീസും തകര്‍ത്തുകൊണ്ടായിരുന്നു അന്ന് അടിയന്തരാവസ്ഥ പോലീസ് നടപ്പാക്കിയത്. ഐജി ലക്ഷ്മണയുടെ ഭീകര താണ്ഡവം കേസരിയാണ് ആദ്യം അനുഭവിച്ചത്. ഇതിനിടയില്‍ പത്രാധിപര്‍ എം.എ. കൃഷ്ണനെ മിസ നിയമ പ്രകാരം ജയിലിലടയ്ക്കാന്‍ പോലീസ് രംഗത്തെത്തി. സംഘടനാ തീരുമാനപ്രകാരം എം.എ. കൃഷ്ണന് ഒളിവിലായി. കേസരിക്ക് താങ്ങാവുന്നതായിരുന്നില്ല ഈ തിരിച്ചടികള്‍. പത്രാധിപരുടെ അസാന്നിദ്ധ്യം, ഓഫീസ് തകര്‍ക്കപ്പെട്ടു, ജീവനക്കാരുടെ ഓരോ നീക്കവും നിരീക്ഷിക്കാന്‍ പോലീസ്. അത്യന്തം പ്രയാസകരമായ സാഹചര്യത്തില്‍ കേസരി വാരിക പ്രസിദ്ധീകരിക്കാനായില്ല. എന്നാല്‍ അടിയന്തരാവസ്ഥയോട് സന്ധിചെയ്യാനായിരുന്നില്ല മറിച്ച് അതിനെ മറികടക്കാനും അതിജീവിക്കാനുമാണ് പി.കെ. സുകുമാരനും സഹപ്രവര്‍ത്തകരും തീരുമാനിച്ചത്. വെല്ലുവിളികളെ അവസരമാക്കി മുന്നേറാനുള്ള സഹജമായ സംഘശക്തി ഉള്ളില്‍ നിന്ന് ജ്വലിച്ച പ്രവര്‍ത്തകര്‍ ആ സാഹചര്യത്തെ അതിജീവിക്കാന്‍ തീരുമാനിച്ചു. സൗമ്യസ്വഭാവക്കാരനാണെങ്കിലും തീരുമാനങ്ങളിലെ കാര്‍ക്കശ്യവും ദാര്‍ഢ്യവും സുകുമാരന്റെ സ്വഭാവമായിരുന്നു. സാമ്പത്തികപരാധീനതയും അടിയന്തരാവസ്ഥയുടെ നിയന്ത്രണങ്ങളും അതിജീവിക്കേണ്ടതുണ്ട്. കരുത്തായി മാറേണ്ട സംഘടനാ പ്രവര്‍ത്തകര്‍ ഒളിവില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സുകുമാരന്‍ കേസരിയെ മുന്നോട്ട് നയിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
ഈ ദുരിതകാലത്തെക്കുറിച്ച് സുകുമാരന്‍ എഴുതിയത് ഇങ്ങനെ; ‘പരസ്യമില്ല. ഏജന്‍സികള്‍ നിന്നുപോയി. കിട്ടേണ്ട പൈസപോലും കിട്ടാതെയായി, പ്രചാരം കുത്തനെ ഇടിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിത്യ ജീവിതം വഴിമുട്ടി.’ ലഭിച്ചിരുന്ന ചുരുങ്ങിയ ശമ്പളം പോലും കിട്ടാതെ ബുദ്ധിമുട്ടിലായപ്പോള്‍ കേസരി പ്രസിദ്ധീകരിക്കണമെന്നായിരുന്നു സുകുമാരന്റെ തീരുമാനം. സുകുമാരനെ സഹായിക്കാന്‍ സി.എം. കൃഷ്ണനുണ്ണി, പുത്തൂര്‍മഠം ചന്ദ്രന്, കെ.പി.ശശിധരന് എന്നിവരുമുണ്ടായിരുന്നു. അവര്‍ പത്രാധിപസമിതിയില്‍ നേരിട്ട് അംഗങ്ങളല്ലെങ്കിലും ഈ അനൗദ്യോഗിക പത്രപ്രവര്‍ത്തകരുടെ ചൂടും വെളിച്ചവും കലര്‍ന്ന വാര്‍ത്താ ലേഖനങ്ങളിലൂടെയാണ് കേസരിയെ സുകുമാരന്‍ മുന്നോട്ട് നയിച്ചത്.
കേസരിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കോഴിക്കോട്ടെ പൗരപ്രമുഖരെ ബന്ധപ്പെടുകയായിരുന്നു സുകുമാരന്‍ ആദ്യം ചെയ്തത്. വി.എം. കൊറാത്തിനെയും അതുവഴി കെ.പി. കേശവമേനോനെയും കേസരിക്കുവേണ്ടി അധികൃതരുടെ മുമ്പില്‍ രംഗത്തിറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജില്ലാ കലക്ടര്‍ കെ.ടി. നായരെയും അടിയന്തരാവസ്ഥകാലത്തെ പേടി സ്വപ്നമായ ഐജി ലക്ഷ്മണയേയും നേരിട്ട് വിളിച്ച് കെ.പി. കേശവമേനോന് തന്റെ ധാര്‍മ്മിക രോഷം അറിയിച്ചു. അടിയന്തരാവസ്ഥയ്ക്ക് കേസരി എതിരല്ലെന്ന് അണ്ടര്‍ടേക്കിംഗ് കൊടുത്താല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാമെന്നായിരുന്നു ലക്ഷ്ണയുടെ മറുപടി. കോഴിക്കോട്ടെ പ്രമുഖരായ ബി.വി. കുറുപ്പ്, പി.ചന്തുനായര്‍ എന്നിവര്‍ വി.എം. കൊറാത്തിനൊപ്പം കേസരിക്കു വേണ്ടി രംഗത്തിറങ്ങി. മൂന്ന് മാസത്തോളം പ്രവര്‍ത്തനം നിലച്ച കേസരി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടി. ‘ഞങ്ങള്‍ ഭാരതത്തിന്റെ അഖണ്ഡയ്ക്കും സുരക്ഷയ്ക്കും വിഘാതമായി ഒന്നും ചെയ്യില്ല. ജനാധിപത്യത്തിനും സാമൂഹ്യ സമത്വത്തിനും ദേശീയ പ്രബുദ്ധതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കും’ എന്ന കുറിപ്പ് കിട്ടിയപ്പോള്‍ ലക്ഷ്മണയെന്ന ബകാസുരന് തൃപ്തിയായിയെന്നാണ് സുകുമാരന്‍ ഇതിനെ കുറിച്ച് എഴുതിയത്. ഗുരുവായൂരപ്പന്റെ കനകത്തിടിമ്പിന്റെ ചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു അടിയന്തരാവസ്ഥകാലത്തെ ആദ്യ കേസരി വെളിച്ചം കണ്ടത്.
1976 കേസരി വാരികയുടെ രജതജൂബിലിവര്‍ഷം കൂടിയായിരുന്നു. ആഘോഷം ഗംഭീരമാക്കാനും ഓണപ്പതിപ്പ് വിപുലമായി പുറത്തിറക്കാനും തീരുമാനിച്ചു. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപനം ഈ ആസൂത്രണത്തെ തകര്‍ത്തു. പക്ഷേ, അവസരത്തിനൊത്ത് ഉയര്‍ന്ന് പി.കെ. സുകുമാരന്‍ തന്റെ സംഘാടക മികവ് തെളിയിച്ചു. മാതൃഭൂമിയില്‍ നിന്ന് പിന്നീട് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച വി.എം. കൊറാത്തുമായി സുകുമാരന്‍ നല്ല അടുപ്പമുണ്ടായിരുന്നു. കെ.പി. കേശവമേനോനെ അദ്ധ്യക്ഷനാക്കി ആഘോഷ സമിതി രൂപീകരിച്ചു.
എസ്. ഗുപ്തന്നായര്, മൂര്‍ക്കോത്ത് കുഞ്ഞപ്പ, കോന്നിയൂര്‍ നരേന്ദ്രനാഥ്, കടത്തനാട് മാധവിയമ്മ, തെരുവത്ത് രാമന്, ഉറൂബ് തുടങ്ങി മലയാള സാഹിത്യ രംഗത്തെ പ്രമുഖര്‍ രജതജൂബിലി ആഘോഷ വേദിയിലെത്തി. വൈകിട്ട് നടന്ന കലാപരിപാടികള്‍ ബാലഗോകുലത്തിലെ കുട്ടികളുടെ വകയായിരുന്നു. സദസ്യര്‍ എന്ന നിലയ്ക്ക് നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അടിയന്തരാവസ്ഥ കാലത്ത് ഒത്തുകൂടാനുള്ള അവസരമായി അത് മാറി. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന്റെ കുന്തമുനയ്ക്ക് മുന്നില്‍തന്നെ പരസ്യമായി പരിപാടി സംഘടിപ്പിക്കാന്‍ സുകുമാരന്‍ കഴിഞ്ഞു. കേസരിയെ മുന്നോട്ട് നയിക്കുന്ന ആ കാലഘട്ടത്തിലെല്ലാം സുകുമാരന്‍ വ്യക്തിപരമായി വലിയ തിരിച്ചടികള്‍ നേരിട്ടിരുന്നു. സാമ്പത്തിക പ്രാരാബ്ധം അദ്ദേഹത്തെ ഏറെ വലച്ചിരുന്നു. പട്ടിണികിടന്ന ദിവസങ്ങള്‍ ഉണ്ടായിരുന്നു. തന്റെ വീട്ടില്‍ വന്ന് തിരിച്ചുപോകുന്ന സമയത്ത് സുകുമാരന്റെ കീശയില്‍ പൈസ വെച്ചു കൊടുത്തതും അദ്ദേഹം പുഞ്ചിരിയോടെ അത് നിരസിച്ചതും വി.എം. കൊറാത്ത് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും സുകുമാരന്റെ പങ്ക് വലുതായിരുന്നു. 1992 ല്‍ സുകുമാരന്റെ മുമ്പില്‍ മറ്റൊരു വെല്ലുവിളി ഉയര്‍ന്നു. ടി. സുകുമാരന്റെ ‘ബലി മൃഗങ്ങള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്ന് ഭീഷണി ഉയര്‍ന്നു. അതിനിടയിലാണ് പാളയം റോഡിലെ കേസരി ഓഫീസില്‍ കള്ളന് കയറിയത്. പത്രാധിപരുടെ മുറിയിലാണ് കള്ളന് പ്രധാനമായും പരതിയത്. പുസ്തകങ്ങളും ഫയലുകളും വലിച്ചിട്ടിരുന്നു. കള്ളന്റെ ആവശ്യം പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ആയിരുന്നില്ല. ബലിമൃഗങ്ങള്‍ എന്ന ടി. സുകുമാരന്റെ നോവലിന്റെ കയ്യെഴുത്തുപ്രതിയായിരുന്നു ലക്ഷ്യം. എന്നാല്‍ അരിച്ചുപെറുക്കിയിട്ടും അത് കള്ളന് കണ്ടെത്താനായില്ല. നോവല്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ ഉണ്ടായ ഭീഷണികളെ അദ്ദേഹം പുച്ഛത്തോടെ തള്ളി. അതേ സമയം നോവല്‍ സുരക്ഷിതമായി വെക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതണമെന്ന് ടി. സുകുമാരന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അത് പ്രസിദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്ത് നോവലിസ്റ്റിന് പ്രോത്സാഹനം നല്‍കുകയായിരുന്നു ആ പത്രാധിപര്‍. ഹിന്ദുത്വ ആശയങ്ങള്‍ സമൂഹത്തിലെത്തിക്കുന്നതിന് സര്‍ഗാത്മക സാഹിത്യത്തെയും മാധ്യമങ്ങളെയും ഉപയോഗിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. എഴുതാന്‍ കഴിവുള്ള എല്ലാവരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സൃഷ്ടികള്‍ അയക്കുന്ന ഓരോ എഴുത്തുകാരനും വ്യക്തിപരമായി മറുപടി അയച്ച് അവരെ തിരുത്താനും വളര്‍ത്താനും സമയം കണ്ടെത്തി.
കേവലം ആര്‍എസ്എസ്സ് വാരികയെന്ന തലത്തില്‍ നിന്ന് മലയാളത്തിലെ മുഖ്യധാരാ വാരികകളുടെ ഇടയിലേക്ക് കെട്ടിലും മട്ടിലും പ്രചാരത്തിലും കേസരിയെ മുന്പന്തിയിലെത്തിച്ചതില് പി.കെ. സുകുമാരന്റെ പങ്ക് ഏറെയാണ്. കോഴിക്കോട്ടെ സാംസ്കാരിക മേഖലയില്‍ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. എബിവിപി, ബാലഗോകുലം, തപസ്യ എന്നീ സംഘടനകളുടെ നേതൃനിരയില്‍ പ്രമുഖനായിരുന്നു സുകുമാരന്‍. ഇതിനിടയില്‍ മറ്റു ഭാഷകളിലെ പ്രധാന കൃതികള്‍ വിവര്‍ത്തനം ചെയ്യാനും പുതിയ ഗ്രന്ഥങ്ങള്‍ എഴുതാനും സമയം കണ്ടെത്തി. പത്രപ്രവര്‍ത്തനരംഗത്ത് ദേശീയ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കാനും സ്വീകാര്യത ഉണ്ടാക്കാനും സമര്‍ത്ഥമായി പ്രവര്‍ത്തിക്കുകയായിരുന്നു പി.കെ. സുകുമാരന്‍ എന്ന ത്യാഗസുരഭിലമായ ജീവിതത്തിന്റെ ദൗത്യം.
ടി.വിജയന്
കേസരി സഹപത്രാധിപര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: