ഇരിട്ടി : കുടകില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു . തലക്കാവേരിയില്‍ കുന്നിടിഞ്ഞു വീണ് മൂന്നുവീടുകള്‍ മണ്ണിനടിയിലായി 5 പേരെ കാണാതായി. ക്ഷേത്രത്തിനു സമീപത്തെ രണ്ട് വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കുടകിലെ വിവിധ മേഖലകളില്‍ നിരവധി വീടുകള്‍ കാറ്റില്‍ മരം വീണും മറ്റും തകര്‍ന്നു.
തലക്കാവേരിയിലെ ടി.എസ്. നാരായണ അച്ചാര്‍ (68 ), ഭാര്യ ശാന്ത അച്ചാര്‍ (58 ), നാരായണ അച്ചാറുടെ ജേഷ്ഠന് ആനന്ദതീര്‍ത്ഥ സ്വാമി (72 ) എന്നിവരെക്കൂടാതെ തലക്കാവേരി ക്ഷേത്രത്തിലെ കഴകക്കാരായ ഉച്ചില , തലപ്പാടി സ്വദേശികളായ രണ്ടുപേരുമാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരുടെ വീട് നിന്നിരുന്ന സ്ഥലം കാണാതാവുകയും രണ്ട് കാറുകളും ഇരുപതിലേറെ പശുക്കളും മണ്ണിനടിയില്‍ പെട്ടു . ബുധനാഴ്ച വൈകുന്നേരം തലക്കാവേരി – ഭാഗമണ്ഡല റോഡിലെ ആറ് കിലോമീറ്ററോളം ഉയരമുള്ള മല ഒന്നാകെ ഇടിഞ്ഞു വീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണസേനയും നാട്ടുകാരും ചേര്‍ന്ന് തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം വ്യാഴാഴ്ചയും തുടരുകയാണെങ്കിലും ഇതുവരെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ല. ചെളിയും വെള്ളവും പ്രദേശമാകെ നിറഞ്ഞു കിടക്കുന്നതിനാല്‍ വീട് നിന്ന സ്ഥലം കണ്ടെത്താനാകാത്തതും ഇവിടേയ്ക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാവാത്തതും രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാക്കുകയാണ്. ജില്ലാ കലക്ടര്‍ ആനിസ് കണ്മണി ജോയി, ജില്ലാ പോലിസ് സുപ്രണ്ട് സാമമിശ്ര എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കുടകില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. മരം വീണ് വൈദ്യുതി തൂണുകളും മറ്റും മറിഞ്ഞുവീണ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. കാവേരി അടക്കമുള്ള പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഇതിന്റെ കരയിലേയും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാവേരി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വിരാജ് പേട്ട-മടിക്കേരി റോഡിലെ പ്രധാന പാലമായ ബേത്തിരി പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മടിക്കേരി – സിദ്ധാപുരം, മടിക്കേരി – നാപ്പോക്കുലു എന്നി റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. നിരവധി ഗ്രാമിണ റോഡുകളും മണ്ണിടിച്ചിലും മരം വീണും ഗതാഗതം തടസ്സപ്പെട്ടു.
കുടകിലെ വിവിധ മേഖലകളിലായി പന്ത്രണ്ടോളം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വീരാജ്പേട്ടക്ക് സമീപം അയ്യപ്പബേട്ടയില് നിരവധി വീടുകള്‍ തകര്‍ന്നു. ഇവിടെയും മണ്ണിടിച്ചാലുണ്ടാവുകയും മണ്ണിടിച്ചില്‍ ഭീഷണി നിലനില്കുകയുമാണ്. തിവ്രമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ പതിനൊന്നാം തിയ്യതി വരെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതി നേരിടുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അന്‍പത് കോടി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 2 വര്‍ഷവും കുടകില്‍ വന്‍ പ്രളയമാണുണ്ടായത്. നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് വീടുള്‍പ്പടെ സര്‍വ്വസ്വവും നഷ്ടപ്പെട്ടത്. ഇവരുടെ പുനരധിവാസ പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. അതേസമയം രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അടിയന്തിര സഹായം നല്കുന്നതിനുമായി മുഖ്യമന്ത്രി യദ്യൂരപ്പ മന്ത്രി സോമണ്ണയെ ചുമതലപെടുത്തിയിട്ടുണ്ട്. .
അതേസമയം കുടകില്‍ കൊറോണാ ബാധിതരുടെ എണ്ണം 359 കടന്നു. ഇതുവരെയായി 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊറോണാ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിടിച്ചു നിന്ന കുടകില്‍ ഇതിനിടയില്‍ എത്തിയ പ്രളയവും അകെ വിഷമ വൃത്തത്തിലാക്കിയിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: