ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വട്ടപ്പറമ്പില്‍ ഒരുമാസത്തിനിടയില്‍ കാട്ടാനക്കൂട്ടം എത്തിയത് 26 തവണ. കാട്ടനശല്യത്തില് പൊറുതിമുട്ടിയ ജനങ്ങള്‍ സംഘടിച്ച് ഡെപ്യൂട്ടി റെയിഞ്ചര്‍ ഉള്‍പ്പെട്ട വനപാലക സംഘത്തെ തടഞ്ഞുവെച്ചു. അന്‍പതോളം പേര് അടങ്ങുന്ന പ്രദേശവാസികളായ കര്‍ഷകരുടെ സംഘമാണ് ഇന്നലെ രാവിലെയോടെ വനപാലകരെ തടഞ്ഞുവെച്ചത്.
ജനവാസ മേഖലയായ വട്ടപ്പറമ്പില്‍ കാട്ടാന ഉണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു വനം വകുപ്പ് റാപ്പിഡ് റസ്പോണ്‍സ് ടീം ഡപ്യുട്ടി റെയിഞ്ചര്‍ വി.ഹരിദാസന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം. കൂടുതല്‍ പേര് എത്തിയതോടെ സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും നാളിതുവരെയായി തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം ഡിഎഫ്ഒ നേരിട്ടെത്തി ഉറപ്പു നല്കണമെന്നുമായിരുന്നുകര്ഷകരുടെ ആവശ്യം. ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് പ്രതിനിധിയായി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് സോളമന് പി.ജോര്‍ജ്ജ്, കണ്ണൂര്‍ ഡിഎഫ്ഒ പ്രതിനിധിയായി പി. ബിനു എന്നിവരടങ്ങിയ വാനപാലസംഘ സ്ഥലത്തെത്തി കര്‍ഷകരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ഉണ്ടായത്.
കാട്ടന ഇറങ്ങുന്നതിന്റെ പേരില്‍ വനം വകുപ്പ് ജീവനക്കാരെ ബന്ദിയാക്കിവെച്ചുകൊണ്ടുള്ള പ്രതിഷേധ രീതിയോട് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് പ്രതിഷേധിച്ചു. ജനവാസ മേഖലയില്‍ ഉണ്ടാകുന്ന വന്യമൃഗശല്യം തടയാന്‍ ആവശ്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് വേണ്ടത്. ഇതിന്റെ പേരില്‍ ജീവനക്കാരെ ബലിയാടക്കുന്ന സമീപനമാണ് എല്ലാവരില്‍ നിന്നും ഉണ്ടാകുന്നതെന്നും അസോസിയേഷന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: