കൊച്ചി : മഴ ശക്തിപ്രാപിച്ചതോടെ കരകവിഞ്ഞൊഴുകി പെരിയാര്‍. കഴിഞ്ഞ പ്രളയം വരുത്തിയ നാശ നഷ്ടങ്ങള്‍ പോലും ഇതുവരെ നികത്താനായിട്ടില്ല. അതിനിടയിലാണ് വീണ്ടും മഴക്കെടുതി. ഇത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വേലിയിറക്കം ശക്തമല്ലാത്തതും മൂലം ആലുവ പുഴയിലേയും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൊറോണ വ്യാപന സാധ്യത നിലനില്‍ക്കെ വെള്ളപ്പൊക്ക ഭീഷണി കൂടി ഉണ്ടായതോടെ ഭീതിയോടെയാണ് തീരദേശ വാസികള്‍ കഴിയുന്നത്. ഇടമലയാറിലെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴയാണ് ഇങ്ങോട്ടേയ്ക്ക് ഒഴുകി എത്തുന്നത. കൂടാതെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നതും ജല നിരപ്പ് ഉയരാന്‍ കാരണമായി. മഴക്കാലക്ക് ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തില്‍ മുങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇത്തവണ മഴ കനക്കുന്നതിന് മുമ്പ് തന്നെ പ്രദേശം വെള്ളത്തില്‍ മുങ്ങി.
സംസ്ഥാനത്ത് അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പെരിയാറിന്റെ സമീപത്ത് താമസിക്കുന്നവര്‍ക്ക്് ജാഗ്രതാ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. അതേസമയം കഴിഞ്ഞ തവണ വെള്ളം കേറിയ ഏലൂര്‍ പ്രദേശവാസികളും ഭീതിയിലാണ്. കൊറോണ ഭീതി നില്ക്കുന്നതിനാല് മുന്‍ വര്‍ഷങ്ങളിലേത് പോലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ സംശയത്തിലാണ്.
അതേസമയം പ്രളയത്താല്‍ വീടും സമ്പാദ്യവും നഷ്ടമായവരാണ് ഇവരില്‍ പലരും. ഇവരില്‍ നിരവധി പേര്‍ക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം പോലും ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ പലരുടേയും വീടുകളുടെ അറ്റകുറ്റപണി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വെള്ളപ്പൊക്കമുണ്ടായാല്‍ എവിടേയ്ക്ക് പോകും, ഉള്ള കിടപ്പാടം തന്നെ നഷ്ടമാകുമോ എന്ന ഭീതിയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: