തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജ്യദ്രോഹ കേസില്‍ പ്രതിയായ ആള്‍ക്ക് വലിയ സ്വാധീനമുള്ളതായി എന്‍.ഐ.എ പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റിലും കേരളസര്‍ക്കാരിലും നിര്‍ണായക സ്വാധീനമുള്ള അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരെയാണ് മുഖ്യമന്ത്രി സംരക്ഷിച്ചു പോന്നത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ബി.ജെ.പി പറഞ്ഞ കാര്യങ്ങള്‍ എന്‍ഐഎ ശരിവെച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്റെ മെന്ററായിരുന്നെന്നാണ് സ്വപ്ന പറഞ്ഞത്. രാജ്യദ്രോഹികളുടെ മെന്ററാകാനാണോ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്ന് സുരേന്ദ്രന് ചോദിച്ചു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും സ്വപ്ന പ്രതിഫലം പറ്റിയിരുന്നുവെന്നതും പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സ്പെയ്സ് പാര്‍ക്ക് പ്രോജക്ടില്‍ ഇവരെ ഉള്‍പ്പെടുത്തിയതെന്നതും ഗുരുതരമായ വീഴ്ചയാണ്.
വിദേശത്ത് ഉള്‍പ്പടെ സ്വപ്നയ്ക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നത് അന്താരാഷ്ട്ര ബന്ധങ്ങളുടെ തെളിവാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ ഇനിയും വൈകിയാല്‍ കേരളത്തിന് വലിയ നാണക്കേടുണ്ടാകുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: