അയോധ്യ: ശ്രീരാമജന്മസ്ഥാനു മുകളില്‍ ആ ആകാശക്കാഴ്ച കാണാനെത്തിയ ആത്മാക്കളും എത്രയെത്രയായിരിക്കാം. അഞ്ചു നൂറ്റാണ്ടിലേറെ മുമ്പ് അയോധ്യയില്‍ യുദ്ധം ചെയ്യാനെത്തിയവരെ ചെറുത്ത് വീരമൃത്യുവരിച്ചവര്‍, അവസാന നിമിഷംവരെ രാമനാമം ജപിച്ച് രാമജന്മസ്ഥാന് കാത്തുകഴിഞ്ഞവര്, അവസാനമായി ശ്രീരാമക്ഷേത്രം ഉയര്‍ന്നുകാണാന്‍ ആഗ്രഹിച്ച് സഫലമാകാത്ത മോഹവുമായി ശരീരം ഉപേക്ഷിച്ചു പോകേണ്ടിവന്നവര്… തികഞ്ഞ രാമസേവകര്‍ ആയിരുന്ന അവര്‍ സ്വര്ലോകത്തുനിന്നെത്തി കല്പ്പവൃക്ഷപ്പൂക്കള് ചൊരിഞ്ഞിട്ടുണ്ടാവും.
അയോധ്യയിലെ ചരിത്രത്തിലെ ഏടായി മാറിയ ക്ഷേത്ര നിര്‍മാണോദ്ഘാടനത്തിന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍നിന്ന് മനസുകൊണ്ടെത്തിച്ചേര്ന്നവര് കോടിക്കണക്കിനാണ്. അവരിലധികം പേരും ആധുനിക സാങ്കേതിക സംവിധാനം വിനിയോഗിച്ച് തത്സമയം പുണ്യ ചടങ്ങ് കണ്ടു.
ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടന ചടങ്ങില്‍, ഈ ഭവ്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ഇല്ലാതെ പോയവരെ അനുസ്മരിച്ചു. അവരില്‍ പേരെടുത്ത് പറഞ്ഞത് ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് പ്രവചനം പോലെ അന്നു പറഞ്ഞ മുന്‍ സര് സംഘചാലക് ബാലാ സാഹേബ് ദേവറസിനെക്കുറിച്ചായിരുന്നു. ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച്, ഇരുപതു മുപ്പതുവര്‍ഷം പ്രയത്നിച്ചാല്‍ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും ആ കാലത്തിനുള്ളില്‍ സാധ്യമായെന്നും ഓര്‍മിപ്പിച്ചു.
നാം എന്താണോ ചെയ്യാനാഗ്രഹിക്കുന്നത് അതു നമുക്കുചെയ്യാനാകും എന്ന് ഓര്‍മിപ്പിച്ച് അദ്ദേഹം പറഞ്ഞു:” നാം ഒരു തീരുമാനം എടുത്തു. ഞാന്‍ ഓര്‍ക്കുന്നു, സര് സംഘചാലക് ബാലാ സാഹേബ് ദേവറസ് പറഞ്ഞു, നാം ഇതിന് 20-30 വര്‍ഷം പോരാടേണ്ടിവരുമെന്നും അപ്പോള്‍ സാധ്യമാകുമെന്നും. 30 വര്‍ഷം നാം പ്രവര്‍ത്തിച്ചു, ആ തീരുമാനം നടപ്പാക്കുന്ന സന്തോഷം സാധ്യമാക്കി.
രാജ്യമെമ്പാടും ഈ ആഹ്ലാദത്തിന്റെ തരംഗമാണിന്ന്. രാജ്യത്തിന്റെ ലക്ഷ്യപൂര്‍ത്തിയുടെ സാക്ഷാത്കാര സന്തോഷമാണത്. ഏറ്റവും ആഹ്ലാദം ഇന്ത്യയെ സ്വാത്മ വിശ്വാസവും സ്വാശ്രയമവുമാക്കാനാവശ്യമായ ആത്മസാക്ഷാത്കാരം ഇന്നു സാധ്യമായി എന്നതിലാണ് ഏറ്റവും സന്തോഷം.”
ഈ ലക്ഷ്യ പൂര്ത്തിക്ക് ജീവന് നല്കിയവരും ജീവിതം നല്കിയവരും സമയം നല്കിയവരും സമര്‍പ്പിച്ചവരുമായ കോടിക്കണക്കിന് പേരെ അദ്ദേഹം അനുസ്മരിച്ചു. അവരില്‍ അശോക് സിംഘാള്‍, മഹന്ത് രാമചന്ദ്ര പരമഹംസ് തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞു. സമയ പരിമിതിമൂലം പേരുപറയാതെ പിന്നെയുമുണ്ട് എത്രയെത്ര പേര്. സമവായത്തിലൂടെ ക്ഷേത്ര നിര്‍മാണത്തിന് ഏറെ പരിശ്രമിച്ച അടല്‍ ബിഹാരി വാജ്പേയി, പാര്‍ലമെന്റില്‍ പലരും ചേര്‍ന്ന് എതിര്‍ത്തപ്പോള്‍ ഒറ്റയ്ക്ക് പോരടിച്ച ശ്രീരാമചന്ദ്രന്റെ ധര്‍മവും സംസ്കാരവും വ്യാഖ്യാനിച്ച സുഷമാ സ്വരാജ്, കര്‍സേവയ്ക്കെത്തി ജീവന് ബലി നല്കിയ കോത്താരി സഹോദരങ്ങള്‍, മുലായം സിങ്ങിന്റെ തോക്കിനും ബൈണറ്റിനും ഇരയായിത്തീര്‍ന്നവര്‍…
മുഗളന്‍ ബാബറിനെ മുതല്‍ ഇന്നത്തെ മുഴുത്ത കപട മതേതരന്മാരെ വരെ ചെറുത്ത രാമധര്മവും നീതിയും നടപ്പാക്കാന്‍ പലവിധത്തില്‍ പോരാടിയവരില്‍ രാഷ്ട്രീയ പടനയിച്ച ലാല്‍ കൃഷ്ണ അദ്വാനി കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വീട്ടിലിരുന്ന് ഈ ചടങ്ങു കാണുന്നുവെന്ന് സര് സംഘചാലക് പറഞ്ഞു; അദ്വാനിയെപ്പോലെ ജനകോടികളാണ് സാക്ഷാത്കാരത്തിന്റെ ആനന്ദം അനുഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: