തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി സിബിഐയോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണിയില്‍ നിന്ന് സിബിഐ മൊഴിയെടുത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ സിബിഐ തിരുവനന്തപുരം പ്രത്യേക യൂണിറ്റ് എസ്പി നന്ദകുമാര്‍ നായരും സംഘവും വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ദിവസം മുതലുള്ള കാര്യങ്ങള്‍ ഉണ്ണി വെളിപ്പെടുത്തി.
പാലക്കാട്ടെ ഡോക്ടറുടെ ഭാര്യയും മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായിരുന്നു ആശുപത്രിയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത്. വീട്ടുകാരെ ഒരു കാര്യവും അറിയിക്കാതെ അവര്‍ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി. ഡോക്ടറുടെ ഭാര്യ ഐസിയുവില്‍ കഴിഞ്ഞിരുന്ന ബാലഭാസ്‌കറിനെ കണ്ടിരുന്നു. ബന്ധുക്കളെല്ലാമുണ്ടായിരുന്നെങ്കിലും ഭാര്യ ലക്ഷ്മിയെ കാണാന്‍ പോലും അനുവദിച്ചില്ല.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കാറോടിച്ചിരുന്നത് അര്‍ജുനായിരുന്നു. ആശുപത്രിയില്‍ വച്ച് ഇക്കാര്യം അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.
ബാലഭാസ്‌കറിന്‍രെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായിരുന്നു. എവിടെ പോയാലും ഇവര്‍ രണ്ടുപേരും കൂടെയുണ്ടാകുമായിരുന്നു. ഇവരുടെ സ്വര്‍ണക്കടത്ത് ബാലഭാസ്‌കര്‍ അറിഞ്ഞിട്ടുണ്ടാകാം.
അക്കൗണ്ടുകളെല്ലാം നോക്കിയിരുന്നത് മാനേജര്‍മാരായിരുന്നു. കള്ളക്കടത്ത് അറിഞ്ഞതുകൊണ്ടാകാം പ്രോഗ്രാമിന്റെ പ്രതിഫലം അക്കൗണ്ടിലൂടെ വാങ്ങിയാല്‍ മതിയെന്ന് ബാലഭാസ്‌കര്‍ നിര്‍ദ്ദേശം നല്‍കിയത്. ബാലഭാസ്‌കറിന്റെ അക്കൗണ്ട് പ്രതികള്‍ കള്ളക്കടത്തിനായി ഉപയോഗപ്പെടുത്തിയോയെന്ന് സംശയിക്കുന്നതായും ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്ന് സിബിഐ ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: