തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി കസ്റ്റംസും എന്‍ഐഎയും. റംസാന് കിറ്റിനൊപ്പം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റ് നല്കിയ ഖുര്‍ ആന്‍ ആണ് തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ കയറ്റി അയച്ചതെന്നാണ് ജലീല്‍ സ്വയം വെളിപ്പെടുത്തിയത്. എന്നാല്‍, അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ഖുറാന് പോലെയുള്ള മതഗ്രന്ഥങ്ങള്‍ ഒന്നും പാഴ്സല്‍ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോണ്‍സുലേറ്റുമായുള്ള ചില അവിഹിത ബന്ധങ്ങള്‍ മന്ത്രിക്ക് ഉണ്ടെന്ന് കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
കസ്റ്റംസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ ആന്‍ ആണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. എന്നാല്‍,മഎന്തായാലും അത്രയധികം പുസ്തകങ്ങള്‍ ഒന്നിച്ച് എത്തിച്ചുവെങ്കില്‍, രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ഭാരം കാണും. ഇതുവരെ ഒരു മാര്‍ഗത്തില്‍ക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല.
നേരത്തെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങി(സി-ആപ്റ്റ്)ല്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതില്‍ നിന്നാണ് മതഗ്രന്ധങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍, രേഖകളില്‍ ഉള്‍പ്പെടാത്ത ചില പാഴ്സലുകള്‍ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയില്‍ ചില പാഴ്സലുകള്‍ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
മലപ്പുറത്തേക്ക് സര്‍ക്കാര്‍ വാഹനത്തില്‍ പാഴ്സല്‍ കൊണ്ടു പോയത് സംബന്ധിച്ചു ഫേസ്ബുക്കിലൂടെ ജലീലിന്റെ ന്യായീകരണം ഇത്തരത്തിലായിരുന്നു-മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ ഒരു സര്‍ക്കാര്‍ വാഹനത്തില്‍ ഒരു രൂപ പോലും പൊതുഖജനാവിന് അധിക ചെലവില്ലാതെ കുറച്ച് വിശുദ്ധഖുര്ആന് പാക്കറ്റുകള്‍ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന പാര്‍ട്ടിയും പറയുന്നത്.
‘പോകുന്ന തോണിക്ക് ഒരുന്തെ’ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഇവരുടെ ഈ കോലാഹലങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുര്‍ആന്‍ കോപ്പികള്‍ മസ്ജിദുകളില്‍ ആര് നല്കിയാലും അതെങ്ങനെയാണ് തെറ്റാവുക? സര്‍ക്കാര്‍ വാഹനത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാന്‍ പറ്റാത്ത ഗ്രന്ഥമാണ് ഖുര്‍ആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കില്‍, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണം.
ക്ഷേത്രങ്ങളിലും പള്ളികളിലും ചര്‍ച്ചുകളിലും ഗുരുദ്വാരകളിലും, ദര്‍ശനം നടത്താനും ആരാധനകള്‍ നിര്‍വഹിക്കാനും, പ്രധാനമന്ത്രിയും മന്ത്രിമാരും ഗവര്‍ണ്ണര്‍മാരും ന്യായാധിപന്മാരും ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ വാഹനങ്ങളില്‍ പോകുന്നതും ഗവ:ന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതും പൊതു മുതലിന്റെ ദുര്‍വിനിയോഗമായി ഇതുവരെ ആരും അഭിപ്രായപ്പെട്ടത് കേട്ടിട്ടില്ലാത്ത നാടാണ് നമ്മളുടേത്. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര പാരമ്പര്യത്തിന്റെ നിദര്‍ശനമായാണ് അവയെല്ലാം ഇന്നോളം പരിഗണിക്കപ്പെട്ടുപോന്നിട്ടുള്ളത്.
സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ ആനല്ല കൊണ്ടു പോയതെങ്കില്‍ മറ്റ് എന്താണ് എന്നാതാണു സുപ്രധാന ചോദ്യം. ഇതിന് ഉത്തരം അന്വേഷണസംഘം കണ്ടെത്തുന്നതോടെ സംഭവത്തില്‍ ജലീലിന് കുരുക്ക് മുറുകുമെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: