ജബല്‍പൂര്‍: ശ്രീരാമമന്ത്രം നെഞ്ചേറ്റി രണ്ട് പതിറ്റാണ്ടിലേറെയായി ഊര്‍മിള അനുഷ്ഠിച്ച ഉപവാസത്തിന് ഫലപ്രാപ്തി. ശ്രീരാമനൊപ്പം വനവാസത്തിന് പോയ ലക്ഷ്മണനെ ഭാര്യ ഊര്‍മിള കാത്തിരുന്നത് പതിനാല് വര്ഷമാണെങ്കില് ഇവിടെ ഊര്‍മിള ചതുര്‍വേദി രാമക്ഷേത്രത്തിനായി കാത്തിരുന്നത് 28 വര്‍ഷം.
മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശി ഊര്‍മിള ചതുര്‍വേദിക്ക് പറയാനുള്ളത് രാമക്ഷേത്രത്തിനായി ഉപവാസമനുഷ്ഠിച്ച കഥ. 1992ലാണ് ഊര്‍മിള ഉപവാസമാരംഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1992 ഡിസംബര്‍ ആറിന്. തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ട ദിവസം. അന്നുണ്ടായ സംഘര്‍ഷത്തില്‍ മനംനൊന്ത്, രാമക്ഷേത്ര നിര്‍മാണത്തിന് എന്നാണോ തുടക്കം കുറിക്കുന്നത് അന്നു മാത്രമേ വേവിച്ച ആഹാരം കഴിക്കൂയെന്ന് ശപഥം ചെയ്തു ഊര്‍മിള.
ഇന്നലെ അയോധ്യയില്‍ രാമക്ഷേത്രത്തിന് ശില പാകിയ മുഹൂര്‍ത്തം ടെലിവിഷനിലൂടെയാണ് ഊര്‍മിള കണ്ടത്. തന്റെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷം ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. ഇനി അയോധ്യയില്‍ പോകണം. ശ്രീരാമ ഭഗവാന്റെ അനുഗ്രഹം തേടണം. അതിനു ശേഷം വേവിച്ച ആഹാരം. അതാണ് ഊര്‍മിളയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: