അയോധ്യ: രാമക്ഷേത്രശിലാസ്ഥാപനം പുതിയ ഇന്ത്യയുടെ പുതിയ തുടക്കമെന്നും ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള അടിസ്ഥാനമായെന്നും ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് .ശിലാന്യാസ പൂജകള്‍ക്ക് ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലമായാണ് അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് തുടക്കമിടാന്‍ സാധിച്ചത്. ആര്‍എസ്എസിന്റെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ശ്രമം ഇതോടെ ഫലം കണ്ടു. അദ്ദേഹം പറഞ്ഞു.
നമ്മള് ഒരു ശപഥമെടുത്തിരുന്നു. 20-30 വര്‍ഷമെടുത്ത് മാത്രമേ നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ എന്ന് അന്നത്തെ ആര്‍എസ്എസ് അധ്യക്ഷന്‍ ബാലാസാഹേബ് ദേവറസ് പറഞ്ഞത് ഓര്‍ക്കുന്നു. അതിനായി നാം ചെയ്ത അധ്വാനത്തിലൂടെ 30-ാം വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ നമ്മുടെ ശപഥം നിറവേറിയതിന്റെ ആഹ്ലാദം അനുഭവിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു, മോഹന്‍ ഭഗവത് പറഞ്ഞു
അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാനുള്ള പോരാട്ടത്തെ സംഘടനാ നിര്‍ദ്ദേശമായിക്കണ്ട് ഇന്ത്യ മുഴുവന്‍ രാമസന്ദേശം എത്തിച്ച എല്‍ കെ അദ്വാനിയേയും മോഹന്‍ ഭാഗവത് പ്രശംസിച്ചു. ജീവിതകാലം മുഴുവന്‍ പ്രയത്നിച്ചതിന്റെ പൂര്‍ത്തീകരണം വീട്ടിലിരുന്നാണ് അദ്ദേഹം കാണുന്നത്. ഭവ്യമായ ഈ ചടങ്ങിന് എല്ലാ അനുഗ്രഹവും അദ്വാനി നല്‍കുന്നുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഇന്ന് നമുക്കൊപ്പമില്ലാത്ത അശോക് സിംഗാളും മഹന്ത് അവൈദ്യനാഥുമുള്പ്പെടെയുള്ള മഹാപുരുഷന്മാര് സൂഷ്മരൂപത്തില്‍ ഇവിടെ സന്നിഹിതരായി അനുഗ്രഹം ചൊരിയുന്നുണ്ടെന്ന് ഹിന്ദു സംസ്കാരം അനുസരിച്ച് നാം വിശ്വസിക്കുന്നുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ക്ഷേത്രം പണി തീരുന്നതിനു മുന്നേ അയോധ്യയെ ഏറ്റവും മികച്ച ഭരണ കേന്ദ്രമാക്കി മാറ്റുകയെന്നത് ഭാരതീയരുടെ കര്‍ത്തവ്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: