മലപ്പുറം: ‘ഒടുവില്‍ അയോധ്യയില്‍ ഒരു പുതിയ പ്രഭാതം വിടരുന്നു. സാഹോദര്യത്തിന്റെ സൂര്യവംശം ഒരിക്കല്‍കൂടി അവതരിക്കുന്നു. ഈ സമാധാനക്രിയയില്‍ പ്രാര്‍ഥനയര്‍പ്പിക്കുക തന്നെയാണ് ഇന്ത്യന്‍ മുസല്‍മാന്റെ ബാധ്യത.’
സിപിഐ പോഷക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന രക്ഷാധികാരി എ.പി. അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു. തീവ്ര മുസ്ലിം സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് സിപിഎമ്മും കേരളത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ കള്ളക്കഥകള്‍ മെനയുമ്പോഴാണ് എ.പി.അഹമ്മദിന്റെ നിലപാട് വ്യത്യസ്തമാകുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അയോധ്യയില്‍ നാളെ ചരിത്രം കുറിക്കുന്നത് യഥാര്‍ത്ഥത്തില്‍ രണ്ട് മുസല്മാന്മാരാണ്. ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങില്‍ അതിഥികളായി ആദരിക്കപ്പെടുന്ന രണ്ടുപേര്‍. ഇഖ്ബാല്‍ അന്‍സാരിയും മുഹമ്മദ് ഷരീഫും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവരോടൊപ്പം ഇവരും വേദിയിലുണ്ടാവും. ബാബറി മസ്ജിദിന് വേണ്ടി പതിറ്റാണ്ടുകള്‍ കേസ് നടത്തിയ എതിര്‍കക്ഷിയാണ് ഇഖ്ബാല്‍ അന്‍സാരി. പിതാവ് ഹാശിം അന്‍സാരി ആരംഭിച്ച നിയമനടപടികള്‍, അദ്ദേഹത്തിന്റെ മരണത്തോടെ പുത്രന് ഏറ്റെടുക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള ഈ കേസ് എണ്ണമറ്റ അക്രമങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനും അധികാര മാറ്റത്തിനുമൊക്കെ വഴിയൊരുക്കി. ഒടുവില്‍ 2019 നവംബര്‍ ഒന്‍പതിന് സുപ്രീം കോടതി വിധി വന്നു. പള്ളി തകര്‍ക്കപ്പെട്ട സ്ഥാനത്ത് ക്ഷേത്രവും മറ്റൊരിടത്ത് പള്ളിയും പണിയുക.
വിധിയനുസരിച്ച് ക്ഷേത്ര നിര്‍മാണം തുടങ്ങുന്നു. 100 ഏക്കറിലേറെ ഭൂമിയില്‍, ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒരു മഹാദേവാലയമാണ് വിഭാവനംചെയ്തിരിക്കുന്നത്. തൊട്ടടുത്ത സൊഹവാല്‍ താലൂക്കിലെ ധന്നിപ്പൂരില്‍ പള്ളിനിര്‍മാണവും ആരംഭിക്കാനിരിക്കുന്നു. പരമോന്നത കോടതിയുടെ വിധി വന്നതോടെ സംഘര്‍ഷത്തിന്റെ കാലം കഴിഞ്ഞുവെന്ന് ഇഖ്ബാല്‍ അന്‍സാരി പറയുന്നു. പുതിയ ക്ഷേത്രം നാടിന്റെ മുഖഛായ മാറ്റും. ഞങ്ങളുടെ മക്കള്‍ക്ക് പുതിയൊരു ജീവിതവും കിട്ടും. ഭൂമിപൂജയില്‍ അതിഥിയാവാന്‍ കഴിഞ്ഞത് ശ്രീരാമന്റെ അനുഗ്രഹമാവാം. പ്രധാനമന്ത്രിക്ക് ഞാന്‍ രണ്ട് സമ്മാനങ്ങള്‍ നല്‍കും. രാമനാമം തുന്നിച്ചേര്‍ത്ത അങ്കിയും തുളസീദാസിന്റെ ‘രാമചരിതമാനസം’ എന്ന ഗ്രന്ഥവും- അന്‍സാരി പറഞ്ഞു.
അനാഥ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് മറവുചെയ്യുന്നത് ആരാധനയാക്കിയ പത്മശ്രീ മുഹമ്മദ് ഷരീഫിനേയും നാളെ അയോധ്യയിലെ ഭൂമിപൂജാ വേദിയില്‍ ആദരിക്കുന്നു. ഇസ്ലാമിക സംസ്കാരത്തിന്റെ യഥാര്‍ത്ഥ സന്ദേശവാഹകനായ കാരുണ്യപ്രതീകമായി.ഒടുവില്‍ അയോധ്യയില്‍ ഒരു പുതിയ പ്രഭാതം വിടരുന്നു. സാഹോദര്യത്തിന്റെ സൂര്യവംശം ഒരിക്കല്‍കൂടി അവതരിക്കുന്നു. ഈ സമാധാനക്രിയയില്‍ പ്രാര്‍ഥനയര്‍പ്പിക്കുക തന്നെയാണ് ഇന്ത്യന്‍ മുസല്‍മാന്റെ ബാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: