വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ പുണ്യദേശമായ അയോധ്യയില്‍ രാമക്ഷേത്രമുയരുമ്പോള്‍ ആവേശകരവും ഒപ്പം മരണം മുന്നില്‍ കണ്ടുമുള്ള ധീരമായ ഒരു യാത്രയുടെ ദീപ്തസ്മരണകളിലാണ് ഇന്ന് കെ.ജി രവീന്ദ്രന് എന്ന ഉണ്ണി. മാര്‍ഗമധ്യേയുള്ള ഏതു തടസ്സവും മറികടന്ന് ഒരേയൊരു ലക്ഷ്യത്തിലെത്താനുള്ള വെമ്പലിലായിരുന്നു ആ യാത്ര.
നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണങ്ങളുടെ കറുത്ത ചിഹ്നങ്ങളെല്ലാം മാഞ്ഞ് ശ്രീരാമഭഗവാന്റെ പരിപാവനമായ ജന്മസ്ഥലത്ത് രാമക്ഷേത്ര ശിലാന്യാസത്തിന് ശംഖനാദമുയരുമ്പോള്‍ ഈ ജന്മം തന്നെ ധന്യമായ നിര്‍വൃതിയിലാണ് അദ്ദേഹം.
1990ലെ കര്‍സേവയ്ക്കായുള്ള ആ യാത്ര രവീന്ദ്രന് ഓര്‍മിച്ചെടുക്കുന്നു.
”അന്ന്, കര്‍സേവയ്ക്ക് ഞങ്ങള്‍ നൂറ്റിയിരുപതോളം പേര് എറണാകുളത്തു നിന്ന് പുറപ്പെട്ടു. കുന്നത്തുനാട് താലൂക്കില്‍ നിന്ന് നാലു പേരാണ് ഉണ്ടായിരുന്നത്. സി.എം സജീവന് (ചക്കശ്ശേരില്‍, കുമ്മനോട്), എം.എന്‍. ഗോപാലകൃഷ്ണന് (ഊരക്കാട്, കിഴക്കമ്പലം), രവീന്ദ്രനാഥ് (പുന്നോര്‍ക്കോട്, പഴന്തോട്ടം) എന്നിവരായിരുന്നു ഒപ്പം. മരണം തന്നെ മുന്നില്‍ കണ്ടുള്ള യാത്ര. വഴിയില്‍ എന്തു തടസ്സമുണ്ടായാലും മറികടന്ന് അയോധ്യയിലെത്തുക എന്നതായിരുന്നു ദൗത്യം. മരിച്ചാല്‍ മൃതദേഹം തിരിച്ചറിയാന്‍ വിലാസവും മറ്റു വിവരങ്ങളും കുറിച്ച ലാമിനേറ്റ് ചെയ്ത ടാഗ് അരയില്‍ കെട്ടിയിരുന്നു.
പൊടിരൂപത്തിലും മറ്റുമുള്ള ഭ ക്ഷണവും കൈയില്‍ കരുതി. എറണാകുളത്തു നിന്ന് പ്രധാന സ്റ്റേഷനുകളില്‍ നിന്നെല്ലാം കര്‍സേവകര്‍ കയറിക്കൊണ്ടേയിരുന്നു. ഏവരും വളരെ ആവേശത്തില്‍. മൂന്നാമത്തെ ദിവസം, കര്‍സേവയ്ക്ക് ഒരു ദിവസം മുമ്പ് ഝാന്‍സിയിലെത്തി. ട്രെയിന്‍ അവിടെ തടഞ്ഞു. കര്‍സേവകരെ പോലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി.
ഇതേസമയം പോലീസിന്റെ സര്‍വനിയന്ത്രണങ്ങളേയും തകര്‍ത്ത് അയോധ്യയില്‍ കര്‍സേവകര്‍ ഇടിച്ചുകയറി. എന്നാല്‍ കൃത്യമായ വാര്‍ത്തകള്‍ പോലും ലഭിക്കാതെ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്നു ഞങ്ങള്‍. ഒരു ദിവസത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം മോചിതരായി. ഒരു വിഭാഗം നേരത്തെ കിട്ടിയ നിര്‍ദ്ദേശപ്രകാരം അയോധ്യയിലേക്ക് തന്നെ തിരിച്ചു. കുറച്ചുപേര്‍ നാട്ടിലേക്ക് മടങ്ങി. ഞങ്ങള്‍ കുറച്ചു പേര് നാട്ടുവഴികളും കരിമ്പിന്‍പാടങ്ങളും താണ്ടി ഏകദേശം 150 കിലോമീറ്റര്‍ നടന്ന് അയോധ്യയിലെത്തി.
പോലീസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നെങ്കിലും പലര്‍ക്കും ക്ഷേത്രദര്‍ശനം നടത്താനായി. ധ്വജാരോഹണത്തില്‍ പങ്കെടുത്തു. പിന്നീടൊരിക്കല്‍ ക്ഷേത്രദര്‍ശനം നടത്താനുള്ള ഭാഗ്യവുമുണ്ടായി. അന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.ആര്. ബൊമ്മെയും ദര്‍ശനത്തിനുണ്ടായിരുന്നു”.
കോലഞ്ചേരിക്കടുത്ത് കടയിരുപ്പ് കണിച്ചേരില്‍ വീട്ടില്‍ പരേതനായ ഗോപാലന്റെ മകനാണ് രവീന്ദ്രന്. പിന്നീട്, 1992ലെ കര്‍സേവയില്‍ പങ്കെടുത്ത കുമ്മനോട് സ്വദേശി നരിമറ്റത്തില്‍ എന്‍.ജി. മോഹനന്റെ ധീരമായ ദൗത്യത്തെയും രവീന്ദ്രന് അനുസ്മരിച്ചു. കോത്താരി സഹോദരന്മാരുടെ ബലിദാനത്തിന് സാക്ഷ്യം വഹിക്കുകയും കര്‍സേവയുടെ പ്രസാദമായി കരിങ്കല്‍ കഷണങ്ങളുമായി മടങ്ങിയെത്തുകയും ചെയ്ത അദ്ദേഹം ഏറെ വൈകാതെ അര്‍ബുദ ബാധിതനായി മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: