അയോധ്യ: രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്നതോടെ അയോധ്യയില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും ദേശീയ വികാരത്തിന്റെയും പ്രതീകമായിരിക്കും. ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്നും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നതെന്നും മോദി. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അത് ഐതിഹാസിക നിമിഷമാണ്. അയോധ്യയില്‍ രാമക്ഷേത്രത്തിനായി നടന്നത് സ്വാതന്ത്ര്യസമരത്തിന് തുല്യമായ പോരാട്ടമായിരുന്നു. ജയ് ശ്രീരാം ജയഘോഷങ്ങള്‍ ഭക്തരോട് ഏറ്റുവിളിക്കാന് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്രകാലം വെറുമൊരു കൂടാരത്തില്‍ കഴിഞ്ഞിരുന്ന രാം ലല്ലയ്ക്ക് വേണ്ടി നാം ഒരു വലിയ ക്ഷേത്രം നിര്‍മിക്കാന്‍ പോവുകയാണ്. ഇന്ന് രാമ ജന്മഭൂമി നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നിരുന്ന തകര്‍ക്കുക, വീണ്ടും നിര്‍മിക്കുക എന്ന ആവര്‍ത്തനത്തില്‍ നിന്ന് മുക്തമാകുകയാണ്.
കോടിക്കണക്കിന് ജനങ്ങളുടെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തിന്റെ ശക്തിയുടെ പ്രതീകമാണ് ഈ രാമക്ഷേത്രം. ഇത് വരും തലമുറകളെ പ്രചോദിപ്പിക്കും. കന്യാകുമാരി മുതല്‍ ക്ഷീര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യവരെ, ജഗന്നാഥ് മുതല്‍ കേദര്‍നാഥ് വരെ, സോമനാഥ് മുതല്‍ കാശി വിശ്വനാഥ് വരെ രാജ്യം മുവുവനും ഇന്ന് ശ്രീരാമനില്‍ മുഴുകിയിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറുമെന്ന് അദ്ദേഹം.
പ്രധാനമന്ത്രി രാമക്ഷേത്രത്തിനായി പരിശ്രമിച്ചവരേയും രാമഭക്തരേയും അഭിനന്ദിച്ചു. തറക്കല്ലിടലിനെ ചരിത്ര സംഭവമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന മുഹൂര്‍ത്തം സമാഗതമായപ്പോള്‍ എല്ലാവരും വികാരാധീനരായെന്നും അവരില്‍ ചിലര്‍ക്ക് തങ്ങള്‍ ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകുന്നുവെന്ന കാര്യം വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. പൊളിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന ആവര്‍ത്തന ചക്രത്തില്‍ നിന്ന് രാമഭജന്മഭൂമി ഇപ്പോള്‍ മോചിതമായെന്നും ഇപ്പോള്‍ ടെന്റുകള്‍ നില്‍ക്കുന്നിടത്ത് മഹത്തായ രാമ ക്ഷേത്രം നിര്‍മിക്കപ്പെടുമെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കായുള്ള ജനങ്ങളുടെ ത്യാഗത്തിന്റെ ഓഗസ്റ്റ് 15പോലെ ഈ ദിവസം രാമക്ഷേത്രത്തിനായുള്ള തലമുറകള്‍ നീണ്ട അര്‍പ്പണ ബോധത്തെയും നിരന്തര പോരാട്ടത്തെയുമാണ് ഓര്‍മിപ്പിക്കുന്നത്. രാമമന്ദിറെന്ന സ്വപ്നം ഫലവത്താകുന്നതിന് പോരാട്ടം നടത്തിയവരെ സ്മരിച്ച പ്രധാനമന്ത്രി അവര്‍ക്ക് പ്രണാമം അര്‍പ്പിച്ചു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആധാരശില പാകിയ ഈ ദിവസം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് വിശേഷിപ്പിച്ചു. എല്ലാവരേയും ഒപ്പം കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം. രാമ ക്ഷേത്രം പണിയാന്‍ 20-30 വര്‍ഷമെടുക്കുമെന്ന് ആര്.എസ്.എസിന് അറിയാമായിരുനെന്നും മൂന്ന് പതിറ്റാണ്ടിനുശേഷം സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: