ന്യൂദല്‍ഹി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ സുപ്രീംകോടതി. കേസില്‍ നിന്നും ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം തള്ളിയ കോടതി വിചാരണ നേരിടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തിപരമായ വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ തനിക്കെതിരെ ബലാത്സംഗ ആരോപണം ഉയര്‍ത്തിയത്. കന്യാസ്ത്രീ നല്കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. അതിനാല്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ ഹര്‍ജിയില്‍ അറിയിച്ചിരുന്നത്.
എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആത്മീയ ശക്തി കോടതിക്ക് മേല്‍ ചെലുത്താനുള്ള ശ്രമമാണൊയെന്നും കോടതി ഫ്രാങ്കോയുടെ അഭിഭാകനോട് ചോദിച്ചു.
കേസില്‍ ഫ്രാങ്കോയ്ക്കെതിരായ ജാമ്യം വിചാരണക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിലവില്‍ വാചാരണക്കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഹര്‍ജി സുപ്രീംകോടതിയും തള്ളിയ സ്ഥിതിക്ക് ഫ്രാങ്കോയക്ക് ഇനി കോടതിയില്‍ ഹാജരാകേണ്ടി വരും.
വിചാരണക്കോടതിയിലെ നടപടികള്‍ തടയണം കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ നേരിടാന്‍ തന്നെയാണ് നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടത്.
തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയക്കലിനെതിരെ ജാമ്യമില്ലാ അറസ്റ്റ്് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.
കൊറോണ വൈറസ് ബാധിതനായി നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞതവണ ഫ്രാങ്കോ കോടതിയില്‍ ഹാജരാകാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: