തൃശൂര്‍: ജില്ലയില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും പലയിടത്തും വ്യാപക നാശനഷ്ടം. കനത്ത കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും വൈദ്യുതി ഭാഗികമായി തകരാറിലായി. നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. ചാലക്കുടി താലൂക്കിലാണ് ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത്. ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ നാടിപ്പാറ ഭാഗത്ത് ആറ് വീടുകള്‍ തകര്‍ന്നു. കൈമാപറമ്പില്‍ സുനില്‍, പയ്യാക്ക കാളി, ചീറ്റതാട്ടില്‍ തങ്കപ്പന്, നന്തിപുലം ജിനേഷ്, ചുക്കിരി കൃഷ്ണന്, തായേരി ദിനേശന് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
തലപ്പിള്ളി താലൂക്കില്‍ എങ്കക്കാട് വില്ലേജില്‍ കല്ലന്‍കുണ്ട് ഏറ്റിങ്കര സിദ്ദിഖിന്റെ വീടിന്റെ മുന്‍ഭാഗത്തെ ട്രസ്സ് വര്‍ക്കിന് മുകളില്‍ തെങ്ങ് വീണ് 10,000 രൂപയുടെ നഷ്ടമുണ്ടായി. മുകുന്ദപുരം താലൂക്കില്‍ കാരുമാത്ര വില്ലേജില്‍ സുല്‍ഫിക്കറിന്റെ വീടിന് മുകളില്‍ മണ്ണ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
തൃശൂര്‍ താലൂക്കില്‍ ചാഴൂര്‍ വില്ലേജില്‍ മരയ്ക്കാര്‍ വീട്ടില്‍ ഷീന അമീറിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ കനത്ത കാറ്റിലും മഴയിലും ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളിന് പടിഞ്ഞാറ് അഴിപറമ്പില്‍ കൗസല്യയുടെ ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു. കനത്ത കാറ്റില്‍ വീട്ടുപറമ്പിലെ പഞ്ഞിമരം കടപുഴകി വീടിന് മുകളില്‍ വീഴുകയായിരുന്നു. സംഭവ സമയം വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: