ചെന്നൈ: രാമക്ഷേത്രത്തിന്റെ ആധാരശില പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമജന്മഭൂമിയില്‍ പാകിയപ്പോള്‍ ആ അമൂല്യനിമിഷം ടെലിവിഷനില്‍ വീക്ഷിച്ച് ധന്യനായ ഒരു വ്യക്തിയുണ്ട്, അഡ്വ.പരാശരന്. അയോധ്യ കേസില്‍ പ്രായം പോലും മറന്ന് നീതിക്ക് വേണ്ടി പോരാടിയ മനുഷ്യന്. ഒടുവില്‍ നീതി ലഭിച്ച് രാമക്ഷേത്രം ഉയരുന്നതിന്റെ ആദ്യഘട്ടം സകുടുംബമാണ് പരാശരന് വീക്ഷിച്ചത്. സുപ്രീം കോടതിയില്‍ നടന്ന 40 ദിവസത്തെ ഹിയറിംഗില്‍ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് രാം ലല്ലാ വിരാജ്മാന് വേണ്ടി വാദിച്ച 92 വയസ്സുള്ള അഡ്വ. പരാശരന്.
‘മരിക്കുന്നതിനുമുമ്പ് എന്റെ അവസാന ആഗ്രഹമാണ് ഈ കേസ് അതിന്റെ യുക്തിസഹമായ അന്ത്യത്തിലേക്ക് കൊണ്ടുപോകുക എന്നത്’ എന്ന് അദ്ദേഹം ഒരോ പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോഴും പറയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ പോലും ശ്രദ്ധിക്കാതെ കര്‍മ്മ നിരതനായ അഡ്വ. പരാശരനോട് ഹിയറിംഗിനിടെ ഇരുന്നു വാദിക്കാന്‍ ചീഫ് ജസ്റ്റിസ് അനുവാദം നല്‍കിയെങ്കിലും അദേഹം അത് സന്തോഷത്തോടെ നിരസ്സിക്കുകയായിരുന്നു. മൈ ലോഡ്, താങ്കള്‍ വളരെ ദയാശീലനാണ്, എഴുന്നേറ്റുനിന്ന് വാദങ്ങള്‍ മുന്നോട്ട് വയ്ക്കുക എന്ന ഈ പാരമ്പര്യത്തെ ഞാന്‍ മാനിക്കുന്നുവെന്നും പരാശരന് കോടതിയില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ചുമത്തിയ കാലത്ത് തമിഴ്നാടിന്റെ അഡ്വക്കേറ്റ് ജനറലായിരുന്നു പരാശരന്. 1980 ല്‍ അദ്ദേഹത്തെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. തുടര്‍ന്ന് 1983 മുതല്‍ 1989 വരെ അദ്ദേഹം അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ചു.
എന്നാല്‍, നിരവധി കാരണങ്ങള്‍ കൊണ്ട് 2016ന് ശേഷം വളരെ അപൂര്‍വമായി മാത്രമേ അദ്ദേഹം കോടതിമുറിയില്‍ എത്തിരുന്നുള്ളു. ശബരിമല കേസിലും അദ്ദേഹം വാദിച്ചിരുന്നു. ഹിന്ദു സംസ്കാരത്തില്‍ വിദഗ്ദ്ധനായി കണക്കാക്കപ്പെടുന്നു ഇദ്ദേഹം 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗവുമായിരുന്നു. പരാശരന് നിരവധി സംസ്ഥാന സര്‍ക്കാരുകളുടെ പ്രിയപ്പെട്ട അഭിഭാഷകനാണ്. മതഗ്രന്ഥങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവ് കോടതിയിലെ വാദങ്ങള്‍ക്കിടയിലും ഉപയോഗിക്കാറുണ്ട്. സ്വധര്‍മ്മത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇന്ത്യന്‍ നിയമത്തിനായി ധാരാളം സംഭാവന നല്കിയ അദേഹത്തെ മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ പിതാമഹന് എന്ന് അഭിസബോധന ചെയ്തിരുന്നു.
യുവതി പ്രവേശനവുമായി ബന്ധപെട്ട ശബരിമല കേസില്‍ അദ്ദേഹം ഭക്തര്‍ക്ക് വേണ്ടി വാദങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. രാമസേതു കേസില്‍ ഇരുവിഭാഗവും അദ്ദേഹത്തിനെ വാദിക്കാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം രാമസേതുവിന് വേണ്ടിയാണ് വാദിച്ചത്. സേതുസമുദ്രം പദ്ധതി സംരക്ഷിക്കാനാണ് അദ്ദേഹം ഇത് ചെയ്തതെന്നും ഭഗവാനു വേണ്ടി താന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: