തിരുവനന്തപുരം: അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്‌ക്കു മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. അയോധ്യ രാമക്ഷേത്രത്തിന് അനുകൂലമായി പ്രിയങ്ക വദ്ര രംഗത്തെത്തിയതിലെ വിവാദം തുടരുന്നതിനിടെയാണ് സമാനമായ പ്രതികരണുമായി ശശി തരൂരും ട്വീറ്റുമായി രംഗത്തെത്തിയത്.
ശ്രീരാം പ്രഭു എല്ലാവര്‍ക്കുമുള്ള നീതി, നീതിപൂര്‍വകമായ പെരുമാറ്റം, എല്ലാ കാര്യങ്ങളിലും നീതി, ഉറപ്പ്, ധാര്‍മ്മിക കൃത്യത, ധൈര്യം എന്നിവയുടെ പ്രതീകമാണ്. ഈ ഇരുണ്ട കാലഘട്ടത്തില്‍ ശ്രീരാമന്റെ മൂല്യങ്ങള്‍ വളരെയധികം അനിവാര്യമാണ്. അവ ദേശത്തുടനീളം വ്യാപിച്ചാല്‍, രാമ രാജ്യം എന്നത് വര്‍ഗീയതയുടെ വിജയമായിരിക്കില്ല. ജയ് ശ്രീറാം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ശ്രീരാമന്‍ എല്ലാവരിലുമുണ്ട്. അയോദ്ധ്യയിലെ ചടങ്ങുകള്‍ ദേശീയ ഐക്യവും സാഹോദര്യവും സാംസ്‌കാരിക തനിമയും ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്നായിരുന്നു പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചത്.
അയോധ്യ രാമക്ഷേത്രത്തിലൂടെ ഭഗവാന്‍ ശ്രീരാമന്റെ സന്ദേശവും അനുഗ്രഹവും ഇതിലൂടെ എല്ലായിടത്തും എത്തുമെന്നും അവര്‍ ആശംസിച്ചു.ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധു രാമ എന്ന പേരിന്റെ സാരാംശം. രാമന്‍ എല്ലാവരിലുമുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഭഗവാന്‍ രാമനും, സീത മാതാവും, രാമായണവുമെല്ലാം ഇഴുകിച്ചേര്‍ന്നിരിക്കുന്നതാണ്.
രാമായണത്തിലെ കഥകള്‍ നമ്മളെ സാംസ്‌കാരികവും മതപരവുമായ പല കാര്യങ്ങളേയും ഓര്‍മ്മിപ്പിക്കുന്നതാണ്. ആയിരത്തോളം വര്‍ഷങ്ങളായി ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: