തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് ഇടത് യൂണിയന് നേതാവ് വെട്ടിക്കാന്‍ ശ്രമിച്ചത് ആറു കോടി രൂപ. സാങ്കേതിക കാരണങ്ങളാല്‍ ഇടപാട് റദ്ദാക്കപ്പെട്ടതിനാല്‍ പണം തട്ടിയെടുക്കാനായില്ല. എന്നാല്‍ ഇടപാട് റദ്ദാക്കപ്പെട്ടതിന്റെ രേഖകള്‍ സോഫ്റ്റ്വെയറില് നിന്നും മനസ്സിലാക്കിയതോടെയാണ് രണ്ട് കോടിയുടെ തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്. എന്‍ജിഒ യൂണിയന് നേതാവായ ബിജുലാല്‍ വെട്ടിച്ച രണ്ടു കോടിയില്‍ നിന്നും സംഖ്യ കൂടാതിരിക്കാനാണ് ബോധപൂര്‍വ്വം ശ്രമം നടക്കുന്നത്. അന്വേഷണത്തില്‍ കൂടുതല്‍ തുകയുടെ വെട്ടിപ്പ് കണ്ടെത്താതിരിക്കാനാണ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത്. രണ്ടു കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനേയും സ്ഥലം മാറ്റുന്നത് തെളിവ് നശിപ്പാക്കാനാണ്. എന്‍ജിഒ യൂണിയന് നേതാക്കളും ട്രഷറി ഡയറക്ടറും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് സ്ഥലംമാറ്റത്തെ ജീവനക്കാര്‍തന്നെ നോക്കികാണുന്നത്.
തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജുലാലിന്റെ തട്ടിപ്പ് കണ്ടെത്തിയ അഡ്മിനിസ്ട്രേറ്ററെ ഉള്‍പ്പടെയാണ് നിലവില്‍ സ്ഥലം മാറ്റിയിരിക്കുന്നത്. ട്രഷറി ഓഫീസറെ മാത്രമാണ് നിലവില്‍ വഞ്ചിയൂര്‍ ട്രഷറിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. പകരം ട്രഷറിയില്‍ നിയമിക്കപ്പെട്ടത് ഇടതു യൂണിയനിലെ നേതാക്കളെ. ഇത് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നു.
ജൂലൈ 27ന് ബിജുലാല്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചത് ആറു കോടി രൂപയായിരുന്നു. സാധാരണ അതേ ദിവസങ്ങളിലല്ല ഡേ ബുക്ക് ക്ലോസ് ചെയ്യുന്നത്. ബാങ്കില്‍ നിന്നുള്ള സ്ക്രോള്‍ കൂടി കിട്ടിയാല്‍ മാത്രമേ ക്ലോസ് ചെയ്യാന്‍ സാധിക്കു. സ്വഭാവികമായും തൊട്ടടുത്ത പ്രവൃത്തിദിനത്തിലാണ് ക്ലോസിങ്ങ് പ്രകൃയ നടത്തുന്നത്. 30-ാം തീയതി 27ലെ ഡേ ബുക്ക് അഡ്മിനിസ്ട്രേറ്റര്‍ ക്ലോസ് ചെയ്യാന്‍ നോക്കുമ്പോള്‍ ആറു കോടിയുടെ വ്യത്യാസം കണക്കില്‍ വന്നത്. കളക്ടറുടെ അക്കൗണ്ടില്‍ നിന്നും ആറു കോടി ട്രാന്‍സര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സാങ്കേതിക കാരണങ്ങളാല്‍ ഇടപാട് റദ്ദാക്കപ്പെടുകയായിരുന്നു. തുക ഇടപാട് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത് റിട്ടയറായ ട്രഷറി ഓഫീസറുടെ പേരിലാണ്. ഇത് അദ്ദേഹത്തിന്റെ യൂസര്‍ ഐഡിയില്‍ കയറി ബിജുലാലാണ് ചെയ്തതെന്നും രേഖകളില്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകള്‍ മാത്രം പരിശോധിച്ചതു കൊണ്ടാണ് രണ്ടു കോടിയുടെ തട്ടിപ്പ് മാത്രം പുറത്തുവരാന്‍ കാരണമായിരിക്കുന്നത്. ഈ കണ്ടെത്തലുകള്‍ ജില്ലാ ട്രഷറി ഓഫീസറെ അഡ്മിനിസ്ട്രേറ്റര്‍ 30ന് രേഖാമൂലം അറിയിച്ചു. എന്നാല്‍ പരമാവധി സമയം നീട്ടിനല്‍കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് ട്രഷറി ഡയറക്ടര്‍ സ്വീകരിച്ചത്.
ഏപ്രില്‍ മാസത്തില്‍ ഇതേ ട്രഷറിയില്‍ നിന്നും ബിജു ലാല്‍ 60,000 രൂപ ക്യാഷ്യറുടെ മേശയില്‍ നിന്നും എടുത്തു കൊണ്ട് പോയ സംഭവവും ഉണ്ടായിട്ടുണ്ട്. അന്ന് എന്‍ജിഒ യൂണിയന് നേതാക്കള്‍ ഇടപെട്ട് ഇയാളെ കൊണ്ട് തുക തിരികെ വയ്പ്പിച്ച് ഒതുക്കി തീര്‍ക്കുകയായിരുന്നു. രണ്ടു കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ് നടന്നതെന്ന് വരുത്തിതീര്‍ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: