കൊല്ലം: കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയ മിനിട്സ് തിരുത്തിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മേയറും സിപിഎം കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും.
ഉപാസന ആശുപത്രിക്ക് സമീപമുള്ള 1.37 ഏക്കര്‍ ഭൂമി സംരക്ഷിക്കുന്നതിന് ചുറ്റുമതില്‍ കെട്ടുന്നതിന് സംബന്ധിച്ച് കഴിഞ്ഞമാസം 22ന് ചേര്‍ന്ന കൗണ്‍സില്‍യോഗം പാസാക്കിയ മിനിട്സ് തിരുത്തി എന്നാരോപിച്ചു ബിജെപിയും യുഡിഎഫും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മേയര്‍ മറുപടി പറയുന്നതിനിടയിലാണ് ഭരണപക്ഷ കൗണ്‍സിലര്‍ മേയര്‍ക്ക് എതിരെ തിരിഞ്ഞത്. തുടര്‍ന്ന് മേയറുടെ മറുപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങി പോയി. ഇതിന് പിന്നാലെ സിപിഎം കൗണ്‍സിലമാരായ മുന്‍ മേയര്‍ അഡ്വ വി. രാജേന്ദ്രബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.എ. സത്താര്‍, രാജ്മോഹന്‍ എന്നിവര്‍ മേയര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇത് വാക്കേറ്റത്തിലും വെല്ലുവിളിയിലുമാണ് കലാശിച്ചത്.
രൂക്ഷമായാണ് മേയര്‍ തിരിച്ചടിച്ചത്. 2020-2021 പ്രോജക്ട് ഫയലുകള്‍ വെളിച്ചം കാണിക്കാത്തത് ആരാണ് ? ഫയലുകള്‍ അട്ടിമറിക്കുന്നത് ആരാണ് ? ഇഷ്ടത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ മാറ്റുന്നത് ആരാണ് ? തുടങ്ങിയ ചോദ്യങ്ങളുമായാണ് മേയര്‍ ഹണി ബഞ്ചമിന് തിരിച്ചടിച്ചത്. കാര്യങ്ങള്‍ പന്തിയല്ലെന്നു മനസ്സിലാക്കിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രാജ്മോഹന്‍ ഇടപെട്ട് ഇടതു മുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞാണ് തര്‍ക്കം അവസാനിപ്പിച്ചത്.
നഗരസഭ ഐക്യകണ്ഠേന പാസ്സാക്കിയ അജണ്ടയുള്പ്പെട്ട മിനിട്സ് തിരുത്തി സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ഹണി ബെഞ്ചമിന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പ്രാദേശിക നേതാവിന്റെ കയ്യേറ്റം സംരക്ഷിക്കാനും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാതിരിക്കാനുമാണ് മിനിട്സ് തിരുത്തിയത്. മതില്‍കെട്ടി സ്ഥലം തിരിക്കാനുള്ള പദ്ധതിയുടെ ഫയലും മുക്കിയിരിക്കയാണെന്നും അവര്‍ ആരോപിച്ചു. യുഡിഎഫിലെ എം.എസ്. ഗോപകുമാറാണ് ആദ്യം വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്.
കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള 1.37 ഏക്കര്‍ സ്ഥലമാണ് പ്രാദേശികനേതാവ് കയ്യേറിയത്. 1995ല്‍ നഗരസഭ ഏറ്റടുത്തസ്ഥലം ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കാനായിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പണവും അനുവദിച്ചിരുന്നു. മിനിട്സ് തിരുത്തിയത് അന്നത്തെ കൗണ്‍സില്‍ യോഗത്തിന്റെ അറിവോടെയാണെന്നുള്ള മേയറിന്റെ മറുപടിക്കെതിരെ സിപിഎം അംഗങ്ങള്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായി. ഇത് സത്യവിരുദ്ധമാണെന്നും കൗണ്‍സില്‍ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നുംസിപിഎം കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതോടെ മേയര്‍ പരുങ്ങലിലായി. സിപിഐ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ബിജിപിയിലെ രണ്ടംഗങ്ങളും പ്രതിഷേധിച്ച് നേരത്തെ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു. അനില്‍കുമാര്‍, കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, അജിത്ത്കുമാര്‍, പ്രശാന്ത്, ലൈലാകുമാരി, ശാന്തിനി ശുഭ, എസ്.ആര്. ബിന്ദു എന്നിവരാണ് മേയര്‍ക്കെതിരെ ആഞ്ഞടിച്ചത്. മേയറുടെ രാജി അല്ലാതെ മറ്റൊന്നും പരിഹാരമാകില്ലെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 22നാണ്് 129 അജണ്ടകള്‍ ചര്‍ച്ചയ്ക്കായി കൗണ്‍സിലിലെത്തിയത്. സപ്ലിമെന്ററിയായി വന്ന അജണ്ടയിലാണ് സ്ഥലത്തെ മതില്‍നിര്‍മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിക്കല്‍ ഉള്‍പ്പെട്ടിരുന്നത്. യോഗം ഐക്യകണ്ഠേന അജണ്ട അംഗീകരിച്ച് പാസ്സാക്കിയിരുന്നു. ഡിപിസിയുടെ അംഗീകാരവും കരാറുകാരനെവരെ നിശ്ചയിക്കുകയും ചെയ്ത പദ്ധതി തിരുത്തിയത് അംഗീകരിക്കാനാകില്ല. നടപടി ജനാധിപത്യമര്യാദകളുടെ ലംഘനമാണെന്നും അജണ്ട അടിയന്തരമായി പുനരുജ്ജീവിപ്പിക്കണമെന്നും മുന്മേയര് അഡ്വ. രാജേന്ദ്രബാബു ആവശ്യപ്പെട്ടു.
ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രമുഖ ഭരണപക്ഷമായ സിപിഎം കൂടി രംഗത്തെത്തിയതോടെ സിപിഐയും മേയറും പൂര്‍ണമായും ഒറ്റപ്പെട്ടു. വിഷയത്തില്‍ നിന്ന് തടിയൂരാനുള്ള മേയറുടെ പ്രഖ്യാപനങ്ങളും ശ്രമവും വിഫലമായതോടെ സിപിഐ അംഗങ്ങളില്‍ നിന്നും മുറുമുറുപ്പ് ഉയര്‍ന്നു. തുടര്‍ന്നാണ് മേയറുടെ മറുപടിയില്‍ തൃപ്തരാകാത്ത യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയര്‍ രാജിവയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി കൗണ്‍സില്‍ ഹാള്വിട്ടത്.
നേരത്തെ തെരുവുവിളക്ക്, പട്ടിശല്യം, റോഡിന്റെ ശോച്യാവസ്ഥ, ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ഠ്യം, അനധികൃത സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്കു വന്നു. ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: