ചടയമംഗലം: ജടായുരാമന്റെ മണ്ണില്‍ നിന്നും എല്ലാവര്‍ഷവും അയോദ്ധ്യയിലെ രാമലാലായെ ദര്‍ശിക്കാന്‍ പോകുന്ന ഒരു സംഘമുണ്ട്. ചടയമംഗലം ശ്രീരാമ ഭക്തസംഘം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഐടി പ്രൊഫഷണലുകളുമടങ്ങുന്ന ഇവര്‍ക്ക് ഇക്കുറി അയോദ്ധ്യയിലെത്താന്‍ കഴിയാത്തതിലെ വിഷമം പങ്കുവയ്ക്കുകയാണ്. അയോദ്ധ്യയിലെ ക്ഷേത്രനഗരിയിലും കര്‍സേവകപുരത്തും തങ്ങി തീര്‍ഥാടനം നടത്തിയിട്ടേ ഇവര്‍ മടങ്ങാറുള്ളൂ.
എല്ലാവര്‍ഷവും എത്തിച്ചേരുന്ന ഇവര്‍ക്ക് കര്‍ശന സുരക്ഷയുണ്ടെങ്കിലും കര്‍സേവകപുരത്തെ വേദപാഠശാലയില്‍ താമസമൊരുക്കിക്കൊടുക്കും ശ്രീരാമ ജന്മഭൂമി ന്യാസ് പ്രവര്‍ത്തകര്‍. ഹനുമാന് ഗഡ്ഡിയിലും നന്ദിഗ്രാമത്തിലും സരയൂപൂജയിലും പങ്കെടുത്തശേഷമാണ് ഇവര്‍ മടങ്ങുക. എത്ര തിരക്കുണ്ടെങ്കിലും അയോദ്ധ്യയിലെ പൂജയും ദര്‍ശനവും ഈ രാമഭക്തര്‍ മുടക്കാറില്ല. അയോദ്ധ്യയിലെ ഗ്രഹണം നീങ്ങുന്നതില്‍ സന്തോഷമുണ്ടന്ന് സംഘത്തിന് നേതൃത്വം നല്കുന്ന സെക്രട്ടറിയേറ്റ് സീനിയര്‍ ഉദ്യോഗസ്ഥനായ മണിലാല്‍ പറഞ്ഞു. നിയന്ത്രണങ്ങളും ഭയപ്പെടുത്തലുകളുമില്ലാത്ത ശാന്തമായ അയോദ്ധ്യയിലെ ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജരും സംഘത്തിലെ മുതിര്‍ന്ന അംഗവുമായ ബിജുകുമാര്‍ പറഞ്ഞു.
അയോദ്ധ്യയിലെ പുത്തന്‍ മനോഹാരിത അടുത്തുനിന്നു കാണാന്‍ മനസുകൊതിക്കുകയാണെന്ന് ഒട്ടേറെ തവണ അയോദ്ധ്യയിലെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ള ബി. കൃഷ്ണകുമാര്‍ പറഞ്ഞു. രഞ്ജു, ഉണ്ണിക്കൃഷ്ണന്, ബിനോയ്, സുനില്‍, വിപിന്‍ തുടങ്ങിയവരാണ് എല്ലാ വര്‍ഷവും അയോദ്ധ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടക സംഘത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: