ഇരിട്ടി: മേഖലയിൽ ആശങ്ക ഉയർത്തി കനത്ത മഴയും കാറ്റും തുടരുന്നു . ഇരിട്ടിയിൽ മരം കടപുഴകി വീണ് താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജിന്റെ കാറിന്റെ ചില്ല് തകർന്നു. നേരംപോക്ക് റോഡിൽ അഗ്നിശമനസേനാ നിലയത്തിന് സമീപം ലേബർ ഓഫീസിന് മുൻവശത്തെ മരം പൊട്ടിവീണ് സമീപത്തെ ലൈൻമുറിയുടേയും , വീടിന്റെയും മേൽക്കൂര തകർന്നു. ഇരിട്ടി – തളിപ്പറമ്പ് പാതയിൽ പെരുവമ്പറമ്പിൽ മരംവീണ് ട്രാസ്‌ഫോമർ അടക്കം വൈദ്യുതി തൂണുകൾ റോഡിന് കുറുകേ വീണു. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതവും മേഖലയിലെ വൈദ്യുതി ബന്ധവും മണിക്കൂറുകളോളം നിലച്ചു .
മുഴക്കുന്നിൽ മരം വീണ് ഒരു വീട് ഭാഗികമായി തകർന്നു. പടിയൂരിൽ മണ്ണിടിഞ്ഞ് ഒരു വീട് അപകടഭീഷണിയിലായി. എടത്തൊട്ടിയിലെ മുഴക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ വളയങ്ങാടൻ സുരേന്ദ്രന്റെ വീടാണ് മരം വീണ് തകർന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ മരം കടപുഴകി വീണ് സുരേന്ദ്രന്റെ വീട് ഭാഗികമായി തകർന്നിരുന്നു. റോഡിരികിൽ നിരവധി മരങ്ങൾ അപകട ഭീഷണിയായി നില്ക്കുകയാണ്. പടിയൂർ പഞ്ചായത്തിലെ പൂവ്വത്ത് മണ്ണിടിഞ്ഞ് വീട് അപകടഭീഷണിയിലായി. പൂവം മിച്ചഭൂമിയിൽ താമസിക്കുന്ന തങ്കയത്തിൽ രജീഷിന്റെ വീടിന്റെ പിറകു വശമാണ് ഇടിഞ്ഞത്. താല്ക്കാലികമായി നിർമ്മിച്ച വീടാണ് അപകടഭീഷണിയിലായത്. കനത്ത കാറ്റിൽ എടൂർ മേഖലയിൽ നിരവധി പേരുടെ വാഴ. മരച്ചീനി, റബർ എന്നിവയക്കും വ്യാപക നാശം നേരിട്ടു. മേഖലയിൽ വൈദ്യുതി ബന്ധങ്ങളും തകരാറിലായി. പൊടുന്നനെ പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നത് ആശങ്കയുണ്ടാക്കി. ചൊവ്വാഴ്‌ച്ച രാവിലെ 12മണിയോടെയാണ് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി വർധിച്ചത്. വനമേഖലയിൽ ഉണ്ടായ ശക്തമായ മഴയാണ് ജലനിരപ്പ് ക്രമാതീതമായി ഉയർത്തിയത്. ബാവലി, ബാരാപോൾ പുഴകൾ നിറഞ്ഞു കവിഞ്ഞു. പഴശ്ശി പദ്ധതിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
ഇടയ്‌ക്കിടെ ഉണ്ടാകുന്ന കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ഉരുൾപൊട്ടൽ സാധ്യതയും വർധിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം സമാന സാഹചര്യം ഉണ്ടായപ്പോഴാണ് അയ്യൻകുന്ന്, ആറളം, മാക്കൂട്ടം വനമേഖല, കൊട്ടിയൂർ മേഖലയിലും ഉരുൾപൊട്ടലും വെള്ളപൊക്കവും ഉണ്ടാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: