കുന്നത്തൂര്‍: കേരളകൗമുദി ശാസ്താംകോട്ട ലേഖകനും കാരാളിമുക്ക് സ്വദേശിയുമായ എസ്. നവാസിനെ തെക്കുംഭാഗം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് അകാരണമായി കയ്യേറ്റം ചെയ്തതായി പരാതി. ഇന്നലെ രാവിലെ 9ന് കാരാളിമുക്ക് തോപ്പില്‍മുക്കില്‍ വച്ചാണ് സംഭവം.
ബൈക്കിന്റെ തകരാര്‍ പരിഹരിക്കാന്‍ ഇവിടെയുള്ള വര്‍ക്ക്ഷോപ്പില്‍ എത്തിയതായിരുന്നു നവാസ്. റോഡരികില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ സിഐയും സംഘവും ജീപ്പ് അടുത്ത് കൊണ്ടു നിര്‍ത്തി യാതൊരു കാരണവുമില്ലാതെ ജീപ്പില്‍ ഇരുന്നു കൊണ്ട് തന്നെ കഴുത്തിന് കുത്തിപ്പിടിക്കുകയും ഫോണ്‍ പിടിച്ചു വാങ്ങിക്കുകയുമായിരുന്നുവെന്ന് നവാസ് പറഞ്ഞു. താനൊരു മാധ്യമപ്രവര്ത്തകനാണന്നും ബൈക്ക് ശരിയാക്കാന്‍ എത്തിയതാണെന്നും പറഞ്ഞതോടെ മണല്‍ മാഫിയയുടെ ആളാണന്ന് തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ തിരികെ നല്കി സിഐയും സംഘവും സ്ഥലം വിടുകയായിരുന്നു.
സംഭവത്തില്‍ നവാസ് മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന് കുന്നത്തൂര്‍ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. കുറ്റക്കാരനായ സിഐക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: