ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലെ കൊറോണ പരിശോധനക്കുള്ള സ്രവം ശേഖരണ കേന്ദ്രം രോഗവ്യാപനത്തിനിടയാക്കുമെന്ന് ആക്ഷേപം. പരിശോധനക്കെത്തുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാത്തതാണ് ആശങ്കക്ക് കാരണമായിരിക്കുന്നത്.
പരിശോധനക്കെത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആളുകള്‍ക്ക് നേരത്തെതന്നെ സമയം നിശ്ചയിച്ച് നല്കി അവരെ അറിയിക്കുന്നുണ്ട്. എന്നാല്‍ നിശ്ചിതസമയത്ത് ആശുപത്രിയിലെത്തുന്നവരെ സ്രവം ശേഖരിച്ച് പറഞ്ഞയക്കാത്തതാണ് കൂടുതല്‍ ആളുകള്‍ സ്ഥലത്ത് കൂട്ടംകൂടുന്നതിനും സാമൂഹികാകലം പാലിക്കാതിരിക്കാനും ഇടയാക്കുന്നത്. രാവിലെ 11ന് ആശുപത്രിയിലെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവം ശേഖരിക്കുന്നത് ഉച്ചക്ക് ഒന്നിനുശേഷമാണ്.
ഈ സമയം നിരവധിപേര്‍ സ്രവം പരിശോധനക്ക് നല്‍കാനായി ആശുപത്രിയിലെത്തിയിരുന്നു. 20 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പടുത കൂടാരത്തിന് കീഴിലാണ് അമ്പതിലധികം പേര് ഒത്തുകൂടുന്നത്. കനത്ത മഴയാരംഭിച്ചതോടെ പല സ്ഥലങ്ങളിലായി മാറി നില്‍ക്കാനും സൗകര്യമില്ല. ചെറിയ കുട്ടികളും പ്രായമായവരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരുമെല്ലാം ഇവിടെ സാമൂഹിക അകലം പാലിക്കാനാവാതെ തടിച്ചുകൂടേണ്ടിവരികയാണ്.
ഇവരില്‍ കൊറോണ വൈറസ് ബാധയുള്ളവരുണ്ടെങ്കില്‍ രോഗമില്ലാത്തവര്‍ക്കും രോഗം പകരാനിടയാക്കുമെന്നാണ് സ്രവപരിശോധനക്കെത്തുന്ന ആരോഗ്യപ്രവര്‍ത്തകരും മറ്റ് ജനങ്ങളും ആശങ്കപ്പെടുന്നത്. കൊറോണ പരിശോധനയില്‍ നെഗറ്റീവായാലും ഇവിടെ സ്രവം പരിശോധനക്കെടുത്ത ദിവസം മുതല്‍ വീണ്ടും ഇവര്നിരീക്ഷണം തുടരേണ്ടിവരുമെന്നാണ് ജനങ്ങളുടെ ആരോപണം.
രോഗവ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിവരുമ്പോള് ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ സ്രവം പരിശോധനക്കെടുക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: