കളക്ടറുടെ അക്കൗണ്ടില്‍നിന്ന് രണ്ട് കോടി രൂപ വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് തട്ടിയെടുത്ത സംഭവം മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിച്ച് നടന്ന ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. ഉദ്യോഗത്തില്‍നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ്വേര്ഡും യൂസര്‍നെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേര്ഡ് എന്തുകൊണ്ട് റദ്ദാക്കിയില്ലെന്നത് അത്യന്തം ദുരൂഹമായിരിക്കുന്നു. വിരമിക്കലിന് മുന്നോടിയായി ഈ ഉദ്യോഗസ്ഥന് രണ്ടുമാസമായി അവധിയിലായിരുന്നു എന്ന വിവരവും ചേര്‍ത്തു വായിക്കുമ്പോള്‍ രണ്ട് കോടിയുടെ തട്ടിപ്പിനു പിന്നില്‍ മറ്റ് കരങ്ങളുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സാമ്പത്തിക ശാസ്ത്രജ്ഞന് ചമഞ്ഞു നടക്കുന്ന ധനമന്ത്രി തോമസ് ഐസക് വാചകമടി അവസാനിപ്പിച്ച് ജനങ്ങളോട് ഇതിനൊക്കെ സമാധാനം പറയണം.
ധനകാര്യ സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം എല്ലാമാവുന്നില്ല. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പ് നടന്നത് മെയ് 27നാണ്. എന്നാല്‍ ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് മെയ് 30നും. എന്തുകൊണ്ട് രണ്ട് ദിവസത്തെ കാലതാമസമുണ്ടായി? ട്രഷറിയിലെ ഡേ ബുക്ക് ഓരോ ദിവസവും പരിശോധിച്ചാണ് ക്ലോസു ചെയ്യുക. അതിനാല്‍ തട്ടിപ്പു നടന്ന ദിവസംതന്നെ കണക്കിലെ പൊരുത്തക്കേട് കണ്ടെത്താവുന്നതേയുള്ളൂ. ഇങ്ങനെയൊരു പരിശോധന കൂടാതെയാണോ കണക്ക് ക്ലോസ് ചെയ്തത്? എങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? ഇതില്‍നിന്ന് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന് ഒറ്റയ്ക്കല്ല ഇതൊക്കെ ചെയ്തിട്ടുള്ളത് എന്നു വ്യക്തമാകുന്നു. റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായത് ആസൂത്രിതമാവാനേ തരമുള്ളൂ. കേസില്‍ പ്രതിയായിരിക്കുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മേലുദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെയാണ് ഈ തട്ടിപ്പ് നടന്നത്. തട്ടിപ്പ് നടത്തിയ എം.ആര്. ബിജുലാല്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ ഇടതു സംഘടനയായ കേരള എന്‍ജിഒ യൂണിയന് അംഗമാണെന്ന് പറയപ്പെടുന്നു. സര്‍ക്കാരിനുവേണ്ടി സമൂഹ മാധ്യമങ്ങളില്‍ തീവ്രമായി പ്രതികരിക്കുന്ന സൈബര്‍ പോരാളിയുമാണ് ഇയാള്‍. ഭരണ-രാഷ്ട്രീയ തലത്തിലെ ഈ പിന്‍ബലമാണ് ഇത്രയും ഗുരുതരമായ ഒരു തട്ടിപ്പ് നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രതി ഒളിവില്‍ പോയിരിക്കുന്നുവെന്നതും സംശയാസ്പദമാണ്. തുക തിരിച്ചേല്‍പ്പിച്ച് കേസ് ഒതുക്കാനുള്ള നീക്കം യൂണിയന് തലത്തില്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷിതമായതിനാല്‍ ട്രഷറിയില്‍ പണം നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്യുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചയാളാണ് പ്രതിയെന്നത് മറ്റൊരു വിരോധാഭാസം.
ഇടതുമുന്നണി ഭരണം തട്ടിപ്പിന്റെ ഒരു കൂടാരമായി മാറിയിരിക്കുന്നു. ഭരണത്തിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ഖജനാവില്‍നിന്ന് ആകാവുന്നത്ര ചോര്‍ത്താനുള്ള തിരക്കിലാണ് പല ഉദ്യോഗസ്ഥരും. സഹസ്ര കോടികളുടെ തട്ടിപ്പു നടത്തുന്ന ഭരണാധികാരികളാണ് ഇവര്‍ക്ക് മാതൃക. തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പോലും കേസ് അട്ടിമറിക്കാനുള്ള അതിവിദഗ്ദ്ധ ശ്രമങ്ങളായി മാറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഇതാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്. ആരോപണവിധേയരായ ഒന്നോ രണ്ടോ പേരില്‍ തട്ടിപ്പിന്റെ ഉത്തരവാദിത്വം മുഴുവന്‍ കെട്ടിവച്ച് വമ്പന്മാര് രക്ഷപ്പെടും. വഞ്ചിയൂരിലേതിന് സമാനമായ സംഭവങ്ങള്‍ വിവിധ ട്രഷറികളില്‍ നടന്നിട്ടുണ്ടെങ്കിലും ട്രഷറിയുടെ സല്‍പ്പേര് നിലനിര്‍ത്താനെന്നു പറഞ്ഞ് അവയെല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവത്രേ. ഇതുകൊണ്ടുതന്നെ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പിന്റെ കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: